കട്ടുമുടിക്കാതിരുന്നാല്‍മതി കേരളത്തില്‍ വികസനം വരും; സര്‍ക്കാരിന് കൃത്യമായ മാര്‍ക്കറ്റിംഗ് സംവിധാനം ഇല്ലെന്ന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര

കേരളത്തിനാവശ്യം ഇനി അടിയന്തിരമായി വേണ്ടത് അടുത്ത 50 വര്‍ഷത്തേക്കൊരു മാസ്റ്റര്‍ പ്ലാനാണെന്നും ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാമേഖലയിലും അത് അനിവാര്യമാണെന്നും സന്തോഷ് ജോര്‍ജ്ജ് കുളങ്ങര.

ലോകത്തിനുവേണ്ടതെല്ലാം കേരളത്തിലുണ്ടെന്നും എന്നാല്‍ സര്‍ക്കാരിന് കൃത്യമായ മാര്‍ക്കറ്റിംഗ് സംവിധാനം ഇല്ലാത്തതുകൊണ്ടാണ് അവയെ പരിപോഷിപ്പിച്ചെടുക്കാന്‍ സാധിക്കാത്തതെന്നും കട്ടുമുടിക്കാതിരുന്നാല്‍മതി കേരളത്തില്‍ വികസനം വരുമെന്നും അദ്ദേഹം ഡിസിബുക്ക് സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റുവല്ലില്‍ പങ്കെടുത്ത് പറഞ്ഞു.

നമ്മുടെ ചരിത്രത്തെയും, പാരമ്പര്യത്തെയും ടൂറിസവുമായി ബന്ധപ്പെടുത്തി ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞാല്‍ അടുത്ത 15 വര്‍ഷംകൊണ്ട് വിപ്ലവകരമായ മാറ്റം കേരളത്തിലുണ്ടാവുമെന്നും, 50 വര്‍ഷം കഴിയുമ്പോള്‍ എന്തൊക്കെ കേരളത്തില്‍നിന്നും നഷ്ടപ്പെടും എന്നൊരു പട്ടിക തയ്യാറാക്കിയാല്‍ കേരളം സംരക്ഷിക്കപ്പെടുമെന്നും, കേരളത്തിന്റെ ദാരിദ്ര്യം മുഴുവന്‍ കഴിഞ്ഞിട്ട് ഒരു വികസനവും ഇവിടെ ചെയ്യാന്‍ കഴിയില്ലെന്നും സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറഞ്ഞു.