ബാലുശ്ശേരി മണ്ഡലത്തില്‍ നവകേരള സദസിന് വീണ്ടും സ്‌കൂള്‍ ബസുകള്‍; നടപടി ഹൈക്കോടതി ഉത്തരവ് മറികടന്ന്

കോടതി ഉത്തരവ് നിലനില്‍ക്കെ നവകേരള സദസിന് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസുകള്‍. സ്‌കൂള്‍ ബസുകള്‍ നവകേരള സദസിനായി വിട്ടുനല്‍കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് വീണ്ടും സ്‌കൂള്‍ ബസ് ഉപയോഗിച്ചത്. ബാലുശ്ശേരി മണ്ഡലത്തിലാണ് നവകേരള സദസിന് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ ഉപയോഗിച്ചത്.

നാല് സ്‌കൂള്‍ ബസുകളാണ് പരിപാടിക്കായി ഉപയോഗിച്ചത്. നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിച്ചതും സ്‌കൂള്‍ ബസുകള്‍ പരിപാടിക്കായി വിട്ടുനല്‍കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതേ തുടര്‍ന്ന് വിഷയം കോടതിയിലെത്തിയിരുന്നു. കോടതി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

Read more

ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടതോടെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ കുട്ടികളെ പങ്കെടുപ്പിക്കില്ലെന്നും ബസുകള്‍ ആവശ്യപ്പെട്ടുകൊണ്ട് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കുമെന്നും കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവുകള്‍ തിങ്കളാഴ്ച പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.