'അയാള്‍ വന്നിരുന്നു പൊലീസുകാരന്‍ എഴുതി കൊടുക്കുന്നതു വായിക്കും, എന്നിട്ടു നീതി നടക്കും എന്ന് കൈയില്‍ നിന്നിട്ട് പറയും'

കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെയും സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെയും വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്. കേരളം ഒരു പൊലീസ് സ്റ്റേറ്റായി മാറിക്കൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രിയായ ആള്‍ വന്നിരുന്നു പൊലീസുകാരന്‍ എഴുതിക്കൊടുക്കുന്നതു വായിക്കുകയാണെന്നും എന്നിട്ടു നീതി നടക്കും എന്ന് കൈയില്‍നിന്നിട്ട് പറയുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

കെ.ജെ ജേക്കബിന്റെ കുറിപ്പ്..

കേരളം ഒരു പോലീസ് സ്റ്റേറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. പൊലീസിന് തോന്നുന്നതു ചെയ്യും. ചോദിക്കാനും പറയാനും പോലീസുകാര്‍ തന്നെ. അപ്പോള്‍ നിങ്ങള്‍ ചോദിക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ ആഭ്യന്തര മന്ത്രി ഇല്ലേയെന്ന്. ഒന്നുകില്‍ ഇല്ല. അല്ലെങ്കില്‍ അയാള്‍ വന്നിരുന്നു പോലീസുകാരന്‍ എഴുതിക്കൊടുക്കുന്നതു വായിക്കും. എന്നിട്ടു നീതി നടക്കും എന്ന് കൈയില്‍നിന്നിട്ട് പറയും.

ആദ്യത്തെ മണിക്കൂറുകളില്‍ തന്നെ തീര്‍ന്നു പോയതാണ് ശ്രീറാം വെങ്കട്ടരാമന്‍ കള്ളുകുടിച്ചു ലക്കുകെട്ട് ഒരു തൊഴിലാളിയെ ഇടിച്ചുകൊന്ന കേസ്. മാസങ്ങള്‍ക്കുശേഷവും ആഭ്യന്തരമന്ത്രി വന്നു പറയും നീതി നടപ്പാക്കുമെന്ന്. (ആ കേസിന്റെ കാര്യം വിശദമായി എഴുതാം ) കൊല്ലം കിളികൊല്ലൂരിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെയും അയാളുടെ സൈനികനായ സഹോദരന്റെയും മേല്‍ പോലീസ് നടത്തിയ നരനായാട്ടിന്റെ കാര്യം ലോകം മുഴുവന്‍ അറിഞ്ഞിരിക്കും; കെ എസ് വൈ എഫുകാരനായിരുന്ന മുഖ്യമന്ത്രിയോ, സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിരന്നിരിക്കുന്ന പഴയ ഡി വൈ എഫ് ഐ ക്കാരോ അറിയില്ല.

മുഖ്യമന്ത്രിയോട് ചോദിച്ചാല്‍ നമ്മളോട് പറയാന്‍ ഒരു ന്യായം പോലീസുകാര്‍ കൊടുത്തിട്ടുണ്ട്: നാലു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ ജാമ്യം നില്ക്കാന്‍ വിസമ്മതിച്ചതിനെ പേരില്‍ രണ്ടുയുവാക്കളെ ഭേദ്യം ചെയ്തു ജയിലിലടച്ച കേസാണ് അത്. അവരുടെ വിരലുകളും കൈയുമൊക്കെ സ്റ്റേഷനില്‍ വച്ച് പോലീസുകാര്‍ അടിച്ചുതകര്‍ത്ത കേസാണ്.

എന്താണ് സസ്പെന്‍ഷന്‍ ഉത്തരവിലുള്ളത്?
തന്നെ ആക്രമിക്കുന്നതിനിടയില്‍ ഒരു പോലീസുകാരന്‍ യുവാക്കളെ ആക്രമിച്ചു. മറ്റു മൂന്നു പോലീസുകാര്‍ നോക്കിനിന്നു. അതൊക്കെ പോലീസ് സേനയ്ക്ക് അപമാനമുണ്ടാക്കി. അതിനാല്‍ സസ്പെന്‍ഡ് ചെയ്യുന്നു.

ക്രിമിനല്‍ കേസെടുത്തു അറസ്റ്റ് ചെയ്തു ജയിലിലിട്ടിട്ടു സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു അന്വേഷണം നിയമത്തോട് ബഹുമാനമുള്ള ആരെങ്കിലും കേരളം പോലീസില്‍ അവശേഷിക്കുന്നുണ്ട്‌നെകില്‍ അവരെ ഏല്‍പ്പിക്കണ്ട കേസാണ് പകുതി ശമ്പളവും കൊടുത്തു വീട്ടിലിരുത്തിയിരിക്കുന്നത്.

സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപ്പറയുന്ന ആളുകളുണ്ട്. ഡി വൈ എഫ് ഐ ക്കാരായിരുന്നവര്‍.
പി രാജീവ്
കെ എന്‍ ബാലഗോപാല്‍
പി കെ ബിജു
എം സ്വരാജ്
സജി ചെറിയാന്‍
പുത്തലത്ത് ദിനേശന്‍
മുഹമ്മദ് റിയാസ്
എ വിജയരാഘവന്‍
എം എ ബേബി
എ കെ ബാലന്‍
ഈ പി ജയരാജന്‍
ടി എം തോമസ് ഐസക്
കെ രാധാകൃഷ്ണന്‍

എനിക്ക് നിങ്ങളോടാണ് ചോദിക്കാനുള്ളത്: നിങ്ങള്‍ക്ക് ഈ അനീതിയോടു പ്രതികരിക്കാന്‍ ഒന്നുമില്ലേ? പതിനഞ്ചും പതിനാറും വയസില്‍ എസ് എഫ് ഐ എന്നും ഡി വൈ എഫ് ഐ എന്നുമൊക്കെ പറഞ്ഞു വീട്ടില്‍നിന്നും ഇറങ്ങിയവരല്ലേ നിങ്ങള്‍? മുദ്രാവാക്യം വിളിച്ചും സമരം ചെയ്തും പോലിസിന്റെ തല്ലുവാങ്ങിയുമല്ലേ നിങ്ങള്‍ സെക്രട്ടേറിയറ്റില്‍ പോയിരിക്കുന്നത്, അല്ലാതെ ആരുടേയെങ്കിലും പെട്ടി പിടിച്ചിട്ടല്ലല്ലോ?

കണ്ണില്‍ പൊടിയിടാന്‍ പൊലീസുകാരെ അനുവദിക്കരുതെന്നും ഈ കേസില്‍ ക്രിമിനലുകളായ ആ പോലീസുകാരുടെ പേരില്‍ ക്രിമിനല്‍ നടപടി എടുക്കണമെന്നും ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടാന്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം? നിങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന നാട്ടില്‍ ഇമ്മാതിരി ക്രിമിനലുകള്‍ക്ക് സംരക്ഷണം കൊടുത്തിട്ട് യാതൊരു പ്രശ്‌നവുമില്ലാതെ ജനങ്ങളെ ഇനിയും അഭിമുഖീകരിക്കാമെന്നാണോ നിങ്ങള്‍ കരുതുന്നത്?നിങ്ങള്‍ക്ക് തെറ്റിപ്പോകും. ഭീകരമായി തെറ്റിപ്പോകും.

കെ ജെ ജേക്കബ്
ഒക്ടോബര്‍ 21, 2022