മൂന്നു വര്‍ഷം പൊലീസിനെ വട്ടംകറക്കിയ ആട് ആന്റണിയെ പൊലീസ് എങ്ങനെ കുടുക്കി? വര്‍ഷങ്ങള്‍ക്ക് ശേഷം എസ്പിയുടെ വെളിപ്പെടുത്തല്‍

മൂന്ന് വർഷക്കാലം കേരള പൊലീസിനെ വട്ടംകറക്കിയ ആളാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആട് ആന്റണി എന്നറിയപ്പെടുന്ന ആന്റണി വർഗീസ്. എന്നാൽ സ്വന്തമായി മൊബൈൽ ഫോൺ പോലും കൈയിൽ ഇല്ലാതിരുന്ന ആട് ആന്റണിയെ പോലീസ് പിടികൂടിയത് എങ്ങനെയെന്ന് മുതിർന്ന എസ്പി വെളിപ്പെടുത്തിയിയ്ക്കുകയാണ് ഇപ്പോൾ. തൃശൂരില്‍ നടന്ന ജൂനിയര്‍ എസ്.ഐമാരുടെ ഒരു പരിശീലന ക്ലാസ്സിലാണ് എസ്പി ആന്റണിയെ കുടുക്കിയ വിവരം വെളിപ്പെടുത്തിയത്.

കുറ്റകൃത്യം എങ്ങനെ തെളിയിക്കും..? ഒളിവിലുള്ള പ്രതിയെ എങ്ങനെ കുടുക്കാം..? മൊബൈല്‍ ഫോണ്‍ ഏതുതരത്തിലൊക്കെ അന്വേഷണത്തെ സഹായിക്കും..? എന്നിങ്ങനെ മേലുദ്യോഗസ്ഥർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനിടെയാണ് ആട് ആന്റണിയുടെ കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ കേസിന്റെ വിവരങ്ങൾ വ്യക്തമാക്കിയത്. മൊബൈൽ ഫോൺ ഉപയോഗിച്ച് പൊലീസ് പ്രതികളെ കുടുക്കിയ പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്, ഫോണ്‍ കയ്യിലുണ്ടെങ്കില്‍ പ്രതിയെ പിടിക്കാമെന്ന് ഏതു പൊലീസുകാരനും അറിയാം. പ്രതിക്കും അറിയാം.

ഫോണിലെ പഴയ സിം ഊരി പുതിയതിട്ടാലും ഐ.എം.ഇ.ഐ. നമ്പര്‍ നോക്കി പിടിക്കാമെന്ന കാര്യവും ഏറെക്കുറെ ആളുകള്‍ക്കറിയാം. എന്നാൽ ഫോണില്ലാത്ത ആട് ആന്റണിയെ കുടുക്കിയ എസ്പിയുടെ കഥയ്ക്കാണ് കേൾവിക്കാർ കൂടുതൽ ഉണ്ടായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണ ക്ലാസില്‍ അതുവരെ ഉറങ്ങിയിരുന്ന പലരും ആകാംക്ഷയോടെ എസ്പിയെ ശ്രവിച്ചു. എല്ലാ എസ്.ഐമാരുടെ മനസിലും ഒരേഒരു ചോദ്യം. ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ എങ്ങനെ പ്രതിയെ പിടിക്കാം. അങ്ങനെയാണ് ആട് ആന്റണിയെപ്പറ്റിയും അന്വേഷണ രഹസ്യങ്ങളും അദ്ദേഹം വെളിപ്പെടുത്തിയത്. ഇരുന്നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ആട് ആന്റണിയുടെ കഥ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഊർജം പകരുന്നതായിരുന്നു.

കേസിലേക്കൊരു എത്തിനോട്ടം.

പോലീസുകാരനെ കുത്തിക്കൊന്ന ശേഷം നാടുവിട്ട ആട് ആന്റണി മൂന്ന് വർഷമാണ് പോലീസിനെ വട്ടം കറക്കിയത്. പ്രതിയെ പിടിക്കുന്നതിനായി പല രീതികളും പയറ്റിയെങ്കിലും നടന്നില്ല. കൊല്ലം പാരിപ്പിള്ളി സ്റ്റേഷനില്‍ പൊലീസുകാരന്‍ മണിയന്‍ പിള്ളയെ കുത്തിക്കൊന്ന ശേഷം നാടുവിടുകയായിരുന്നു. ആട് ആന്റണി വരാനിടയുള്ള സ്ഥലങ്ങൾ, ബന്ധുവീടുകള്‍ എന്നിങ്ങനെ എല്ലായിടത്തും പൊലീസിനെ ഡ്യൂട്ടിക്കിട്ടു. എന്നിട്ടും രക്ഷയില്ലാതായ പോലീസ് പരക്കം പായുന്നതിടെയാണ് ആന്റണി പാലക്കാട് കൊഴിഞ്ഞമ്പാറയിൽ ഒരു സ്ത്രീയെ വിവാഹം കഴിച്ചതായി വിവരം ലഭിക്കുന്നത്. തുടർന്ന് ആ സ്ത്രീയെ പിന്‍തുടര്‍ന്നു.

ഇതിനിടെ, തമിഴ്നാട്ടിലെ ധാരാപുരത്ത് ആട് ആന്റണി ഒരു വീടു വാങ്ങിയതായും പൊലീസിന് സൂചന കിട്ടി. അവിടെയും, പൊലീസ് കാത്തുനിന്നു. പക്ഷെ ആട് ആന്റണി വന്നില്ല. വനിതാ പൊലീസുകാരെ ആട് ആന്റണിയുടെ ഭാര്യയ്ക്കൊപ്പം താമസിപ്പിച്ചു. ആട് ആന്റണി കൊലയാളിയാണെന്ന് അറിയാത്ത ആ സ്ത്രീ പൊലീസുമായി സഹകരിച്ചു. ദിവസത്തില്‍ രണ്ടു തവണ ഭാര്യയെ വിളിക്കും. അതും, ഏതെങ്കിലും ടെലിഫോണ്‍ ബൂത്തില്‍ നിന്ന്. ഫോണെടുക്കുമ്പോള്‍ പൊലീസ് റെക്കോര്‍ഡ് ചെയ്യും. പൊലീസിന്റെ തൊട്ടടുത്തു നിന്നാണ് ഭാര്യ സംസാരിക്കുക. പൊലീസ് വളഞ്ഞിട്ടുണ്ടെന്ന വിവരം ഭാര്യയ്ക്ക് ആന്റണിയോട് പറയാനും പറ്റിയില്ല. രണ്ടു ദിവസം കഴിഞ്ഞാല്‍ കൊഴിഞ്ഞാമ്പാറയില്‍ വരുന്നുണ്ടെന്നാണ് ഭാര്യയോട് ആട് ആന്റണി പറഞ്ഞത്. പൊലീസ് അവിടെ കാത്തിരുന്നു.

ആട് ആന്റണി ഫോണ്‍ ചെയ്യാനെത്തിയാല്‍ ബൂത്തിൽ വെച്ച് പിടികൂടാനായിരുന്നു പൊലീസിന്റെ ഉദ്ദേശ്യം. പക്ഷേ, ആട് ആന്റണി ഫോണ്‍ ചെയ്യാന്‍ പിന്നെ ബൂത്തിലേക്ക് വന്നില്ല. നാല്‍പത്തിയെട്ടു മണിക്കൂര്‍ നിര്‍ണായകമായിരുന്നു. അങ്ങനെ രണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ മൂന്നാം ദിവസം രാത്രി ആട് ആന്റണി വന്നു. അങ്ങനെ ഒളിച്ചിരുന്ന പൊലീസ് സംഘം ഇയാളെ വളഞ്ഞിട്ട് പിടികൂടി. നീണ്ട കാലം പോലീസിനെ വെട്ടിച്ച് മുങ്ങിയ പ്രതിയെ അങ്ങനെ മൊബൈൽ ഫോണിന്റെ സഹായം ഇല്ലാതെ പിടികൂടുകയും ചെയ്തു.

ഒരുപക്ഷെ ആട് ആന്റണി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നുവെങ്കിൽ എസ്എംഎസ് സന്ദേശം വഴിയോ ഫോണിൽ വിളിച്ചോ ഭാര്യക്ക് സൂചന നൽകാൻ സാധിച്ചേനെ എന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ട് ആന്റണി പിടിക്കപെടാൻ കാരണം മൊബൈൽ ഉപയോഗിക്കാതിരുന്നതാണ് എന്നതാണ്.