ഷഹറൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു; പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്ന വാഹനം പഞ്ചറായി; മതിയായ സുരക്ഷയില്ല; ഗുരുതര വീഴ്ച

കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷഹറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. മതിയായ സുരക്ഷയില്ലാതെയാണ് പ്രതിയെ കൊണ്ടുവന്നത്. സ്വകാര്യവാഹനത്തിലാണ് പ്രതിയെ കൊണ്ടുവന്നത്. ഒന്നരമണിക്കൂറോളം പ്രതിയെ കൊണ്ടുവന്ന വാഹനം പഞ്ചറായി റോഡില്‍ കിടന്നു. കണ്ണൂര്‍ കാടാച്ചിറയിലാണ് വാഹനം തകരാറിലായത്. പകരം ഏര്‍പാടാക്കിയ വാഹനം ബ്രേക്ഡൗണായി. പ്രതിക്കൊപ്പം മൂന്നുപൊലീസുകാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ആരുടെയും ശ്രദ്ധയിലേക്ക് എത്താതെ രഹസ്യമായി പ്രതിയെ കേരളത്തിലെത്തിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ പദ്ധതി. തലപ്പാടി അതിര്‍ത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറില്‍ ആയിരുന്നു പ്രതിയെ കൊണ്ടുവന്നത്. പിന്നീട് ഈ വാഹനം മാറ്റി ഫോര്‍ട്ടുണര്‍ കാറില്‍ പ്രതിയെ മാറ്റി കയറ്റി കാസര്‍ഗോഡ് അതിര്‍ത്തി കടന്നു. കണ്ണൂരില്‍ നിന്ന് ദേശീയ പാത ഒഴിവാക്കി കാര്‍ പോയത് മമ്മാക്കുന്ന് ധര്‍മ്മടം റൂട്ടിലാണ്.

മമ്മാക്കുന്ന് എത്തിയതോടെ പുലര്‍ച്ചെ 3.35ന് കാറിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടി അപകടത്തില്‍ പെട്ടു. 45 മിനിറ്റിനു ശേഷം എടക്കാട് പോലീസ് സ്ഥലത്ത് എത്തി വാഹനത്തിന് സുരക്ഷ ഒരുക്കി. പിന്നാലെ കണ്ണൂര്‍ എടിഎസിന്റെ ന്റെ ബൊലേറോ ജീപ്പ് പകരം എത്തിച്ചു. എന്നാല്‍ ഈ വാഹനവും എഞ്ചിന്‍ തകരാര്‍ കാരണം വഴിയിലായി. പിന്നീട് 4.45 ഓടെ സ്വകാര്യ കാര്‍ എത്തിച്ചു പ്രതിയെ മാറ്റി കയറ്റി കോഴിക്കോട്ടേക്ക് തിരിച്ചു.

Read more

കോഴിക്കോട്ടെത്തിച്ച് പ്രതിയെ പൊലീസ് ക്യാമ്പില്‍ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പുലര്‍ച്ചെ പൊലീസ് ഉന്നത തല യോഗം ചേര്‍ന്നിരുന്നു. എഡിജിപി യുടെ അധ്യക്ഷതയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്. ഐജി നീരജ് കുമാര്‍ ഗുപ്ത, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ് പാല്‍ മീണ എന്നിവരും പങ്കെടുത്തു.