രാഹുല്‍ ഗാന്ധി പറയുന്നത് കേരള നേതാക്കള്‍ കേള്‍ക്കണം; സ്ത്രീകളെ പരിഗണിച്ചില്ല; വടകര സീറ്റില്‍ ഷാഫി പറമ്പില്‍ മത്സരിക്കാന്‍ വരുന്നതിനെതിരെ ഷമ മുഹമ്മദ്

മലബാര്‍ കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിട്ടും വടകര മണ്ഡലത്തില്‍ പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഷാഫി പറമ്പില്‍ പാലക്കാട്ട് നിന്നും വടകരയില്‍ എത്തി മത്സരിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഷമ മുഹമ്മദ് രംഗത്ത് എത്തിയിരിക്കുന്നത്. പാലക്കാട് നിന്നുള്ള എംഎല്‍എയെയാണ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. അദ്ദേഹം ഒരു മികച്ച സ്ഥാനാര്‍ഥിയാണ്. പക്ഷേ അദ്ദേഹം ഒരു സിറ്റിങ് എംഎല്‍എയാണ്. തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രാതിനിധ്യം കുറവാണെന്നും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നു അവര്‍ തുറന്നടിച്ചു.

കോണ്‍ഗ്രസില്‍ കഴിവുള്ള സ്ത്രീകള്‍ ഒരുപാടുണ്ട്. അവരെ മുന്‍നിരയിലേക്ക് കൊണ്ടുവരണം. സത്രീകളെ ഒഴിവാക്കി മുന്നോട്ട് പോകാനാവില്ല. സ്ത്രീകള്‍ നിന്നുകഴിഞ്ഞാല്‍ അവരെ തോല്‍പ്പിക്കുകയും ചെയ്യരുത്. നല്ല മണ്ഡലങ്ങളില്‍ തന്നെ സീറ്റ് നല്‍കണം. കഴിവുള്ള സ്ത്രീകളെയും പാര്‍ടി മുന്നോട്ട് കൊണ്ടുവരണ്ടേയെന്നും ഷമ ചോദിച്ചു.

Read more

50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉണ്ടാക്കണം എന്നായിരുന്നു രാഹുല്‍ഗാന്ധി പറഞ്ഞത്. കഴിഞ്ഞതവണ രണ്ടു വനിതകള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ പക്ഷേ അത് ഒന്നായി കുറഞ്ഞു. കേരളത്തിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് കേള്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.