പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയില്‍ പങ്കെടുക്കുമെന്ന് ശശി തരൂര്‍, പറ്റില്ലന്ന് കെ മുരളീധരന്‍

നവംബര്‍ 23 ന് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയില്‍ താന്‍ പങ്കെടുക്കുമെന്ന് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍. എന്നാല്‍ തരൂരിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുകയാണ് കെ മുരളീധരന്‍. ഇതോടെ പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയുടെ പേരില്‍ കോണ്‍ഗ്രില്‍ അനൈക്യവും ചേരിപ്പോരും ശക്തമാവുകയാണ്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗമായത് കൊണ്ട് കെ പി സി സി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ശശി തരൂരിനെ ക്ഷണിക്കേണ്ടി വരും.അത് കൊണ്ട് തന്നെ പരിപാടിയില്‍ തരൂര്‍ പങ്കെടുക്കുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന നെഹ്‌റു അനുസ്മരണ ചടങ്ങില്‍ പാലസ്തീനെക്കുറിച്ച് തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെന്നും യാസര്‍ അറാഫത്ത  അടക്കമുള്ള പാലസ്തീന്‍ നേതാക്കളുമായി വ്യക്തിപരമായ വളരെ അടുപ്പമുള്ള നേതാവായിരുന്നു താനെന്നും ശശി തരൂര്‍ തുറന്നടിച്ചിരുന്നു.

ഇതിനെതിരെ ആരും കോണ്‍ഗ്രസില്‍ നിന്നും ഒരക്ഷരം ഇതുവരെ സംസാരിച്ചിട്ടില്ല. എന്ന് വച്ചാല്‍ തരൂരിന്റെ നിലപാട് കോണ്‍ഗ്രസ് അംഗീകരിക്കുന്നുവെന്ന് തന്നെയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ കെ മുരളീധരന്‍ തരൂരിനെ ഒരു കാരണവശാലും പങ്കെടുപ്പിക്കാന്‍ പാടില്ലന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

Read more

നവംബര്‍ 23 ന് കെ പി സി സി സംഘടിപ്പിക്കുന്ന പാലസ്തീന്‍ ഐക്യാദാര്‍ഡ്യ റാലി കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതീവ പ്രധാന്യമുള്ളതാണ്. സി പി എമ്മും മുസ്‌ളീം ലീഗും നടത്തിയ റാലിയെ കവച്ചു വയ്കുന്നതാകണം കോഴിക്കോട് റാലിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്്.