കൊലക്കേസ് പ്രതിയെ പിടികൂടാന്‍ എസ്‌ഐയും ഗുണ്ടകളും; ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം; ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

ചടയമംഗലത്ത് ഗുണ്ടകളെയും കൂട്ടി ദളിത് യുവാവിനെയും ഭാര്യയെയും മര്‍ദ്ദിച്ച കേസില്‍ കാട്ടാക്കട എസ്‌ഐ മനോജിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. മനോജ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ചടയമംഗലം സ്വദേശി സുരേഷിനെയും ഭാര്യയെയും മര്‍ദ്ദിച്ച കേസിലാണ് നടപടി ഉണ്ടായിരിക്കുന്നത്.

കൊലക്കേസിലെ പ്രതിയെ പിടികൂടാനാണ് മനോജും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും ഗുണ്ടകളെയും കൂട്ടി ചടയമംഗലത്തെത്തിയത്. പ്രതിയെന്ന് തെറ്റിദ്ധരിച്ച് സുരേഷിനെ പിടികൂടി മനോജ് മര്‍ദ്ദിക്കുകയായിരുന്നു. ആളുമാറിയതാണെന്ന് സുരേഷ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും മനോജ് ിയാളെ വെറുതെ വിട്ടില്ല.

മനോജ് ചടയമംഗലത്ത് ജോലിചെയ്തിരുന്ന കാലത്ത് ഗുണ്ടകളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിയെ പിടികൂടാന്‍ മനോജ് ചടയമംഗലം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നതിന് പകരം മൂന്ന് ഗുണ്ടകളെയും ഒപ്പം കൂട്ടി ഇറങ്ങിയത്. മനോജിനെതിരെ നേരത്തെയും നിരവധി പരാതികളുയര്‍ന്നിരുന്നു.

Read more

ദളിത് യുവാവിനെ ഗുണ്ടകളെയും കൂട്ടിയെത്തി മര്‍ദ്ദിച്ച സംഭവത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പിയ്ക്ക് ആയിരുന്നു ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ മനോജ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.