'പള്‍സര്‍ സുനി ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി ചില നടിമാര്‍ തന്നോട് പറഞ്ഞിട്ടുണ്ട്': വെളിപ്പെടുത്തി ആര്‍. ശ്രീലേഖ ഐ.പി.എസ്

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി ചില നടിമാര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ആര്‍ ശ്രീലേഖ ഐപിഎസ്. കരിയര്‍ തകര്‍ച്ചയും മാനഹാനിയും ഭയന്നാണ് സംഭവം പുറത്തുപറയാതെ പണം കൊടുത്ത് സെറ്റില്‍ ചെയ്തതെന്ന് നടിമാര്‍ പറഞ്ഞതായും ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

‘നടി ആക്രമിക്കപ്പെട്ട സമയത്ത് ഞാന്‍ ജയില്‍ വകുപ്പ് ഡിജിപിയായിരുന്നു. എനിക്ക് വളരെ അടുപ്പമുളള നടിമാര്‍ പള്‍സര്‍ സുനിയെ പറ്റി പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത പിടിച്ചുപറ്റി പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ഇതുപോലെ ചിത്രങ്ങള്‍ ചിത്രീകരിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്തതായി അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.’

‘എന്തുകൊണ്ട് ഇത് കേസ് ആക്കിയില്ല എന്ന് ചോദിച്ചപ്പോള്‍ അത് കരിയറിനെ ബാധിക്കുമോ എന്ന് കരുതിയും പൊലീസിന്റെ കൂടെ കേസുമായി പോകേണ്ട എന്നു കരുതിയും, ഇത് പുറത്തുവന്നാല്‍ ഏറ്റവും കൂടുതല്‍ മാനഹാനി തനിക്കാണെന്നുമുളളതു കൊണ്ടും കാശ് കൊടുത്ത് സെറ്റില്‍ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ട്.’

പള്‍സര്‍ സുനിയെ കസ്റ്റഡിയിലെടുത്ത സമയം തന്നെ ഇത് ആരെങ്കിലും ചെയ്യിച്ചതാണെന്ന് പറയും. പൊലീസ് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോകുന്ന ഒരാള്‍ ആ നിമിഷം തന്നെ അത് പറയും. ഇതിന് പിന്നല്‍ ഗൂഢാലോചനയുണ്ട് എന്നതില്‍ അസ്വാഭാവികത തോന്നിയിട്ടില്ലെന്നും ശ്രീലേഖ പറഞ്ഞു.

Read more