ഞാന്‍ തന്തയ്ക്ക് പിറന്നതിനാല്‍ സത്യം പറയും; സച്ചിദാനന്ദന്‍ സ്വയം പ്രഖ്യാപിത 'അന്താരാഷ്ട്ര കവി'; കേരള ഗാന വിവാദം കൈവിട്ടു; ആഞ്ഞടിച്ച് ശ്രീകുമാരന്‍ തമ്പി

കേരള ഗാന വിവാദത്തില്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരന്‍ തമ്പി. തന്നോടുള്ള പ്രതികാരം തീര്‍ക്കാനായി സച്ചിദാനന്ദന്‍ മാര്‍ക്സിസത്തെ ഉപയോഗിക്കുകയാണ്. സച്ചിദാനന്ദന്‍ സ്വയം പ്രഖ്യാപിത ‘അന്താരാഷ്ട്ര കവി’ ആണെന്നും തമ്പി പരിഹസിച്ചു.

ഞാന്‍ എന്തെഴുതിയാലും ക്ലീഷേ എന്നാണ് സച്ചിദാനന്ദന്‍ പറയുന്നത്. പക്ഷേ ജനങ്ങള്‍ അങ്ങനെ പറയുന്നില്ല. സച്ചിദാനന്ദന്‍ അങ്ങനെ പറയുന്നതിന് പല കാരണങ്ങളുണ്ട്. അദ്ദേഹത്തിന് പാട്ടെഴുതണമെന്ന് വലിയ ആഗ്രഹമാണ്. ഒരു പാട്ടെഴുതി ഉമ്പായിയുടെ പിറകെ നടന്ന് അദ്ദേഹത്തെ കൊണ്ട് പാടിച്ച് ആസ്വദിച്ചയാളാണ്.

അപ്പൊ, ഏതുഭാഗത്ത് തിരിഞ്ഞാലും ശ്രീകുമാരന്‍ തമ്പിയുടെ പാട്ടിങ്ങനെ കാതില്‍ കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ദുഃഖം വരും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സിനിമയ്ക്ക് പാട്ടെഴുതാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍ ആരാണ് ആഗ്രഹിക്കാത്തത്? എന്റെ വരികള്‍ കേരളത്തിലെ ജനങ്ങള്‍ മുഴുവവന്‍ ഏറ്റുപാടുന്നുണ്ട്. സച്ചിദാനന്ദന്റെ ഏതെങ്കിലും നാല് വരികള്‍ 50 കൊല്ലം കഴിഞ്ഞ് ആരെങ്കിലും ഓര്‍മ്മിച്ച് പാടുമോയെന്നും അദ്ദേഹം ചോദിച്ചു.

‘സച്ചിദാനന്ദന്‍ ഇന്ന് പറയുന്നു ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് ക്ലീഷേ ആണെന്ന്. എന്തുകൊണ്ടാണ് അദ്ദേഹം ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുന്നതുവരെ ഇത് പറഞ്ഞില്ല? എന്റെ പാട്ട് സ്വീകരിക്കുന്നില്ലെങ്കില്‍ അക്കാര്യം അറിയിക്കേണ്ട കടമ അവര്‍ക്കുണ്ട്. പല്ലവിയില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യ നാലുവരി മാറ്റിയെഴുതി കൊടുത്തുവെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ക്ലീഷേ എന്ന പ്രയോഗം തന്നെ അപമാനിച്ചു. ഗാനം നിരസിക്കാം. പക്ഷേ അത് അറിയിക്കണമായിരുന്നു. അത് കത്തിലൂടെ അറിയിക്കണമായിരുന്നു. അങ്ങനെ കത്തെഴുതാന്‍ തന്തയ്ക്ക് ജനിക്കണം. ഞാന്‍ തന്തയ്ക്ക് പിറന്നതു കൊണ്ട് ഏത് സത്യവും പറയും. ആരേയും ഭയവുമില്ല. സച്ചിദാനന്ദന് തന്റെ പേരിന്റെ അര്‍ത്ഥം പോലും അറിയില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.