അരുണാചലിലെ മലയാളികളുടെ മരണത്തിന് പിന്നിൽ വിചിത്ര വിശ്വാസം; അന്തിമ നിഗമനത്തിലെത്തി പൊലീസ്, മറ്റാര്‍ക്കും പങ്കില്ല

അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണത്തിൽ അന്തിമ നിഗമനത്തിലെത്തി കേരള പൊലീസ്. മൂന്നുപേരുടെയും വിചിത്ര വിശ്വാസമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ അന്തിമ നിഗമനം. മൂന്ന് പേരും അന്ധവിശ്വാസങ്ങളിൽ ആകൃഷ്ടരായ കാര്യം വീട്ടുകാർക്ക് അറിവുണ്ടായിരുന്നുവെന്ന് അരുണാചൽ പൊലീസ് പറയുന്നു.

മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് പറയുന്നു. പ്രളയത്തില്‍ ഭൂമിയിലെ എല്ലാ മനുഷ്യരും മരണപ്പെടുമെന്നുമായിരുന്നു ഇവരുടെ വിചിത്ര വിശ്വാസം. പ്രളയത്തില്‍ ഭൂമി നശിക്കുമെന്നും അതിന് മുന്‍പ് അന്യഗ്രഹ ജീവിതം നേടണമെന്നുമാണ് മൂവരും വിശ്വസിച്ചിരുന്നത്. ഇതിനായാണ് ഇവര്‍ മരണം തിരഞ്ഞെടുത്തതെന്നും പൊലീസ് പറയുന്നു. അതിന് മുന്‍പേ അന്യഗ്രഹത്തില്‍ എത്തണമെന്നാണ് ഇവര്‍ ആഗ്രഹിച്ചിരുന്നത്. അരുണാചല്‍ പോലെ സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തിലുള്ള സ്ഥലത്തുവെച്ച് മരണപ്പെട്ടാല്‍ വേഗത്തില്‍ അന്യഗ്രഹത്തിലെത്തുമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നതായും പൊലീസ് പറയുന്നു.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ദേവി (40), ഭര്‍ത്താവ് കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ് (40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരം സ്വദേശി ആര്യാ നായര്‍ (27) എന്നിവരെ ഏപ്രില്‍ രണ്ടിനാണ് അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നവീന്‍ ആണ് മറ്റു രണ്ടുപേരെയും ഇത്തരം വിചിത്ര വിശ്വാസങ്ങളിലേക്ക് നയിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. 2014 മുതല്‍ ഇയാള്‍ ഇത്തരം വിശ്വാസങ്ങള്‍ക്ക അടിമയായിരുന്നതായും പൊലീസ് പറയുന്നു. മൂന്ന് പേരും അന്ധവിശ്വാസങ്ങളിൽ ആകൃഷ്ടരായ കാര്യം വീട്ടുകാർക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ദേവിയുമായുള്ള ബന്ധത്തെ ആര്യയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. ദേവിക്കൊപ്പം താമസിക്കാൻ പോയ ആര്യയെ ബന്ധുക്കൾ അനുനയിപ്പിച്ചാണ് തിരിച്ചെത്തിച്ചത്. 2022ൽ ആര്യയെ മാനസിക രോഗ വിദഗ്ധനെ കാണിച്ചു. ദേവി സ്കൂളിൽ നിന്നും രാജിവച്ച ശേഷമാണ് ആര്യയെ വീണ്ടും സ്കൂളിലേക്ക് പഠിപ്പിക്കാൻ അയച്ചതെന്നാണ് പൊലീസ് പറയുന്നത്.