കണ്ണൂര്‍ എഡിഎമ്മിന്റെ ആത്മഹത്യ; സംസ്ഥാനത്തെ റവന്യൂ ഉദ്യോഗസ്ഥര്‍ ഇന്ന് കൂട്ട അവധിയെടുക്കും; കണ്ണൂരിലും മലയാലപ്പുഴയിലും ഹര്‍ത്താല്‍

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധവുമായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍. സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്താണ് റവന്യൂ ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുക.

അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പത്തനംതിട്ട മലയാലപ്പുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ ആചരിക്കുക. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ റവന്യൂ വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഇന്ന് ബി.ജെ.പി. ഹര്‍ത്താന്‍ ആചരിക്കും. എ.ഡിഎമ്മിന്റെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് ഇന്നലെ കണ്ണൂരില്‍ വിവിധ സംഘടനകളുടെ പ്രതിഷേധം നടന്നിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എ.ഡി.എമ്മിനെ അദ്ദേഹത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിന്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം. പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടയ്ക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്.