ന്യുസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നിരാശ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ 46 റൺസിന് ഓൾ ഔട്ട് ആക്കി ന്യുസിലാൻഡ് ബോളർമാർ. ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണ് ഇത്. കൂടാതെ സ്വന്തം മണ്ണിൽ ടെസ്റ്റിലെ ഏറ്റവും ചെറിയ സ്കോറും. രണ്ടാം ദിനം അവസാനിച്ചപ്പോൾ ന്യുസിലാൻഡ് 180/3 എന്ന നിലയിലാണ്. ലീഡ് സ്കോർ 134 റൺസ്.
ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ കിവി ബോളർമാർ തങ്ങളുടെ വിക്കറ്റ് വേട്ട ആരംഭിച്ചത് 2 റൺ എടുത്ത രോഹിത്തിനെ പുറത്താക്കിയാണ്. തൊട്ടുപിന്നാലെ മൂന്നാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയ കോഹ്‌ലി റൺ ഒന്നും എടുക്കാതെ മടങ്ങിയപ്പോൾ സർഫ്രാസും പൂജ്യനായി തന്നെ മടങ്ങി. ശേഷം ജയ്‌സ്വാളും പന്തും ചേർന്ന് ഇന്ത്യയെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും 13 റൺ എടുത്ത് ജയ്‌സ്വാൾ മടങ്ങിയതോടെയാ പ്രതീക്ഷയും പോയി.
ടീമിന് വേണ്ടി 20 റൺസ് എടുത്ത വിക്കറ്റ് കീപ്പർ റിഷബ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. തൊട്ടുപിന്നാലെ ക്രീസിൽ എത്തിയ രാഹുലും അതിന് ശേഷം എത്തിയ ജഡേജയും പൂജ്യനായി മടങ്ങി. ലഞ്ച് ബ്രേക്ക് ഇടവേളക്ക് ശേഷമെത്തിയപ്പോൾ ആദ്യ പന്തിൽ തന്നെ അശ്വിനും പൂജ്യനായി മടങ്ങി. ഇതോടെ പൂജ്യനായി മടങ്ങുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റർ ആയി താരം മാറി. ന്യുസിലാൻഡിന് വേണ്ടി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റുകളും, വിൽ റൂർക്ക് നാല് വിക്കറ്റുകളും, ടിം സൗധി ഒരു വിക്കറ്റും സ്വന്തമാക്കി.
മോശമായ ബാറ്റിംഗ് മാത്രമല്ല ഇന്ത്യൻ ബോളിങ് യൂണിറ്റിനും മികച്ച രീതിയിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം മാത്രമാണ് നേടിയത്. ഗംഭീര തിരിച്ച് വരവ് നടത്താൻ ഇന്ത്യയ്ക്ക് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.