സൂര്യതാപ, സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 2019 ഏപ്രിൽ 15 ,16 തിയതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്‌, കോഴിക്കോട്, എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് കാണുന്നു. ആയതിനാൽ ഈ ജില്ലകളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിക്കുന്നു.

2019 ഏപ്രിൽ 15  16 തിയതികളിൽ, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് കാണുന്നു.

മേല്‍ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നടപടികള്‍ നിര്‍ദേശിക്കുന്നു:

– പൊതുജനങ്ങള്‍ 11 am മുതല്‍ 3 pm വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

– നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

– രോഗങ്ങള്‍ ഉള്ളവര്‍ 11 am മുതല്‍ 3 pm വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

– പരമാവധി ശുദ്ധജലം കുടിക്കുക; മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍സമയത്ത് ഒഴിവാക്കുക.

– അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

– അവധിക്കാലത്ത് വിനോദ യാത്ര നടത്തുന്നവർ നേരിട്ട് തീവ്രമായ ചൂടേൽക്കാത്ത തരത്തിൽ സമയം ക്രമീകരിക്കുക.

– അവധിക്കാലമായതിനാൽ വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധ ചെലുത്തുക. 11 മുതൽ 3 വരെയുള്ള സമയത്ത് വെയിലത്ത് കളിക്കാൻ വിടാതിരിക്കുകയും കളിസ്ഥലങ്ങളിൽ തണലും ജലലഭ്യതയും ഉറപ്പു വരുത്തുക.

-അതീവ ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്ന ദിവസങ്ങളിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികളുടെ അവധിക്കാല ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്.

– അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

-പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.

– തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.

– ഇരു ചക്ര വാഹനങ്ങളിൽ ഓണ് ലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അൽപസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

– മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സ്വമനസ്കർ കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

Read more

– തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കുക.