'യു.ഡി.എഫ് സ്ഥാനാർത്ഥി ലിജുവിനെ സഹായിച്ചു'; ജി. സുധാകരന് എതിരെ ഗുരുതര ആരോപണം

അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി എം.ലിജുവിനെ മന്ത്രി ജി.സുധാകരൻ സഹായിച്ചതായി ഗുരുതര ആരോപണം. പുറക്കാട് പാർട്ടി ലോക്കൽ കമ്മിറ്റി യോഗത്തിലാണ് ആരോപണം ഉയർന്നതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മന്ത്രി സംസാരിച്ചതിൽ നടപടി വേണമെന്നും യോഗത്തിൽ ആവശ്യമുണർന്നു. മന്ത്രിക്കെതിരായ പരാതിയിൽ മന്ത്രിയുടെ മുൻ പെഴ്സനൽ സ്റ്റാഫ് അംഗവും ഭാര്യയയും ഉറച്ചുനിന്നതോടെ ജില്ലാ കമ്മിറ്റി മുൻകൈയെടുത്ത സമവായനീക്കം രണ്ടാംതവണയും പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ട്.

സുധാകരനെതിരെ ഉയർന്ന പരാതിയിൽ സമവായം തേടിയാണ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം ചേർന്നത്. എന്നാൽ ജില്ലാ നേതൃത്വത്തിന്റെ നിർദേശങ്ങളെ ലോക്കൽ കമ്മിറ്റി അംഗങ്ങൾ രണ്ടാംതവണയും തള്ളി. യോഗത്തിനെത്തിയ 12 ലോക്കൽ കമ്മിറ്റി അംഗങ്ങളിൽ 11 പേരും മന്ത്രിക്കെതിരെ സംസാരിച്ചു. മന്ത്രി ജി സുധാകരൻ മുമ്പും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടുണ്ടെന്നും സംഘടനാപരമായ താക്കീത് മന്ത്രിക്കു നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഇതിനിടെയാണ് അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി എം.ലിജുവിനെ മന്ത്രി ജി.സുധാകരൻ സഹായിച്ചു എന്ന ഗുരുതരമായ ആരോപണവും ഉന്നയിക്കപ്പെട്ടത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന ആരോപണത്തിൽ ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും സുധാകരനെ വിമർശിച്ചപ്പോൾ എം.ലിജു മന്ത്രിയെ പിന്തുണച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സുധാകരന്റെ ഭാഗത്തുനിന്നു എം ലിജുവിന് ലഭിച്ച സഹായത്തിനുള്ള നന്ദിയാണ് പരസ്യപ്പെടുത്തിയത് എന്നായിരുന്നു ലോക്കൽ കമ്മിറ്റി അംഗങ്ങളിൽ ചിലരുടെ വിമർശനം. അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എച്ച്.സലാമും യോഗത്തിൽ പങ്കെടുത്തിരുന്നു.

ജില്ലാ സെക്രട്ടറിയോ സലാമോ മറ്റൊരു ജില്ലാ സെക്രട്ടേറിയറ്റ് അംഗമോ പ്രാദേശിക നേതാക്കളുടെ ആരോപണങ്ങളെ എതിർത്ത് സംസാരിച്ചില്ല. പൊലീസ് കേസ് ഒഴിവാക്കി പാർട്ടിതലത്തിൽ പ്രശ്നം പരിഹരിക്കാമെന്ന ജില്ലാ സെക്രട്ടറിയുടെ അഭിപ്രായത്തോടു ഭൂരിഭാഗം അംഗങ്ങളും യോജിച്ചുമില്ല. യുവതി പരാതിയുമായി മുന്നോട്ടു പോകട്ടെയെന്നു കമ്മിറ്റി അംഗങ്ങൾ നിലപാടെടുത്തു. പരാതിക്കാരിയുടെ ഭർത്താവും യോഗത്തിൽ പങ്കെടുത്തു. നേരത്തെ അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മന്ത്രി സജീവമായിരുന്നില്ല എന്ന ആരോപണമുണ്ടായിരുന്നു.