കോൺഗ്രസ് നേതാവും എംപിയുമായ ശസി തരൂരിനെ അനുകൂലിച്ചും വിമർശിച്ചും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ഹമാസിനെ തീവ്രവാദികളെന്ന് വിളിച്ച തരുരിന്റെ പരാമർശത്തെയാണ് സുരേഷ് ഗോപി പിന്തുണച്ചത്. ശശി തരൂർ പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
എന്നാൽ ആ പരാമർശം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു. പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനല്ലേ മുസ്ലിം ലീഗ് റാലി നടത്തിയതെന്നും അല്ലാതെ ഹമാസ് ഐക്യദാർഢ്യ റാലിയല്ലല്ലോയെന്നും സുരേഷ് ഗോപി ചോദിച്ചു.
ജമ്മു കശ്മീരിന്റെ മോചനത്തിനായി അവിടുത്തെ തീവ്രവാദികളെ പിന്തുണക്കുമെന്ന് പറയുന്നത് പോലെയാണ് ഹമാസിനെ പിന്തുണക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. എംകെ മുനീർ തന്റെ നല്ല സുഹൃത്താണ്. സിഎച്ച് മുഹമ്മദ് കോയയുടെ മകനായാണ് അദ്ദേഹത്തെ കാണുന്നത്. അതുകൊണ്ട് അദ്ദേഹത്തോട് മറുപടി പറയുന്നില്ലന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേ സമയം ലോകസഭാ തെരഞ്ഞെടുപ്പിൽ എവിടെവേണമെങ്കിലും മത്സരിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കാൻ താൻ തയ്യാറാണ്. വേണമെങ്കിൽ കണ്ണൂരും മത്സരിക്കും. കണ്ണൂരും ഒന്ന് ഉലയ്ക്കാമല്ലോയെന്ന് പറഞ്ഞ സുരേഷ് ഗോപി തൃശൂരിൽ കണ്ടത് ജനങ്ങളുടെ പൾസാണെന്നും പറഞ്ഞു.
Read more
അതിനിടെ മുസ്ലിം ലീഗ് റാലിയിലെ തന്റെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൂടിയായ ശശി തരൂർ രംഗത്ത് വന്നു. താനെന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്ന് പറഞ്ഞ അദ്ദേഹം, തന്റെ പ്രസംഗം ഇസ്രയേൽ അനുകൂല പ്രസംഗമായി ആരും വ്യാഖ്യാനിക്കേണ്ടെന്നും ആവശ്യപ്പെട്ടു. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും തരൂർ വ്യക്തമാക്കി.