കേരളത്തില്‍ അക്കൗണ്ട് തുറന്ന് ബിജെപി. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി 70,000ത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. തുശൂരിനെ താന്‍ നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റി ഞാന്‍ കൊണ്ട് നടക്കും എന്നാണ് മാധ്യമങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നത്. കരളത്തിന്റെ വികസനത്തിന് വേണ്ടി മുന്നിട്ടിറങ്ങും. കേരളത്തിലെ എംപിയായിട്ട് ആയിരിക്കും തൃശൂരിലെ പ്രജാദൈവങ്ങള്‍ എന്നെ അവരോധിക്കുന്നത് എന്ന് മാത്രം ഞാന്‍ പറയുന്നു. ഒരുപാട് സന്തോഷം ഞാന്‍ പങ്കുവയ്ക്കുന്നു എന്നാണ് സുരേഷ് ഗോപി പറയുന്നത്.
സുരേഷ് ഗോപിയുടെ വാക്കുകള്‍:
ജനങ്ങളെയും അവരുടെ തീരുമാനങ്ങളെയും വഴി തിരിച്ചുവിടാന്‍ നോക്കിയിടത്തു നിന്നും ദൈവങ്ങളെല്ലാം അവരുടെ മനസ് ശുദ്ധമാക്കി എന്റെയും എന്നിലൂടെ എന്റെ രാഷ്ട്രീയ പാര്‍ട്ടിയിലേക്കും തിരിച്ചുവിട്ടു. ഇത് അവര്‍ നല്‍കുന്ന വലിയൊരു അനുഗ്രഹമാണ്. കാരണം തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഒരു ഡെമോഗ്രാഫിക് ടെറെയ്ന്‍ എന്ന് പറയുന്നത് എല്ലാവര്‍ക്കും അറിയാം. ഇതൊരു അതിശയം എന്ന നിലയ്ക്ക് നിങ്ങള്‍ ആര്‍ക്കെങ്കിലും തോന്നിയാലും അത് സംഭവിക്കാനിരിക്കുന്നത് ആയിരുന്നു. എനിക്കും എന്റെ കുടുംബത്തിനും വലിയൊരു ഖ്യാതിയാണ് ഈ വിജയം നേടി തന്നിരിക്കുന്നത്. കളിയാട്ടം, നാഷണല്‍ അവാര്‍ഡ്, എന്റെ മക്കള്‍, കുടുംബം ഇതെല്ലാം വലിയ അനുഗ്രഹങ്ങളാണ്.
പക്ഷെ ആ അനുഗ്രഹം എന്ന സ്ഥിതിക്ക് മേല്‍ എത്ര കനത്തിലുള്ള വൃഷ്ടിയാണ് നടക്കുന്നതെന്ന് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. ഞാന്‍ തൃശൂരിലെ യഥാര്‍ത്ഥ പ്രജാദൈവങ്ങളെ വണങ്ങുന്നു. അവര്‍ കാരണം മാത്രമാണ് ഇത് സാധ്യമായത്. ഒരു പക്ഷെ ഇതിന് വേണ്ടി പണിയെടുത്ത ആയിരത്തി ഇരുന്നൂറ്റി ബൂത്തുകളിലെ വോട്ടര്‍മാര്‍ അടക്കം പ്രചരണത്തിന് ഇറങ്ങി. എറണാകുളത്ത് നിന്നും മറ്റ് ജില്ലകളില്‍ നിന്നുമൊക്കെ ഒരുപാട് അമ്മമാര്‍ വന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈ, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ആയിരം പേര്‍ വന്നു, അവരാണ് സത്യത്തില്‍ എനിക്ക് വേണ്ടി പ്രയത്‌നിച്ചത്. വലിയ പൊസിറ്റീവ് ഇംപാക്ട് അവരുടെ പ്രചാരണം കൊണ്ട് സാധിച്ചു.
5 വര്‍ഷമായി ഞാന്‍ എന്തൊക്കെ പ്രതിക്ഷിച്ചോ അതിന്റെ നൂറിരട്ടിയായി എനിക്ക് ജനങ്ങളിലേക്ക് അടുക്കാനുള്ള മിഷണറിയായി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നരേന്ദ്ര മോദി എനിക്ക് എന്റെ രാഷ്ട്രീയ ദൈവമാണ്. എന്നാല്‍ ഞാന്‍ എന്നും ആരാധിക്കുന്ന ഭാരതത്തിന്റെ റിയല്‍ ആര്‍ക്കിടെക്റ്റ് ശ്രീമതി ഇന്ദിരാ ഗാന്ധി, ശ്രീ പി.വി നരസിംഹ റാവു, മൊറാര്‍ജി ദേശായ്, എല്‍.കെ അദ്വാനി തുടങ്ങി എന്റെ പ്രിയപ്പെട്ട സഖാവ് ഇ.കെ നായനാര്‍, കെ കരുണാകരന്‍ ആണ്. മിതവാദിയോ അതോ ഇഷ്ടം നേടാനോ വേണ്ടി പറയുന്നതല്ല. ഇതെല്ലാം ഞാന്‍ ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ബിംബങ്ങള്‍ തന്നെയാണ്.
മോദിയും അമിത്ഷായും തന്നെയാണ് എന്നും എന്റെ സൂപ്പര്‍ ഹീറോസ്, എന്റെ നേതാക്കന്‍മാര്‍. അവരാണ് എന്നെ മനോഹരമായി ലോഞ്ച് ചെയ്തത്. നരേന്ദ്ര മോദിയാണ് എന്നെ വിശ്വാസ്യതയുടെ കാര്യത്തില്‍ എനിക്ക് ആലിംഗനം തന്നത്. ആ അഹാരാര്‍പ്പണത്തിലേക്കാണ് തൃശൂരിലെ ജനങ്ങള്‍ നേരായ വഴിക്ക് വന്ന്, എല്ലാ കിംവദന്തികളും തള്ളിക്കളഞ്ഞ്, എനിക്ക് ഈ നെറ്റിപ്പട്ടം ചാര്‍ത്തി തന്നത്. അതിന് ഞാന്‍ ഉറപ്പായിട്ടും എന്നും കടപ്പെട്ടവനായിരിക്കും. അതില്‍ നിന്നും ഞാന്‍ ഒട്ടും പിന്നോട്ട് പോകില്ല. തൃശൂരിനെ സംബന്ധിച്ച് കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ഗുരുവായൂരപ്പനോടുള്ള അമിതമായ അടുപ്പം മൂലം അത് അല്ലാതെ തൃശൂരിലെ കുടുംബക്കാരും ബന്ധുക്കളും അടങ്ങുന്ന വൃന്ദം, അത് കഴിഞ്ഞ് ഏഴ് വര്‍ഷമായി എംപിയായി ഇരിക്കുന്ന കാലം തൊട്ട് അവിടുത്തെ വിവിധ വിഭാഗങ്ങളുടെ ഇംഗിതങ്ങള്‍ അറിഞ്ഞ പശ്ചാത്തലത്തില്‍ ഒരു മാനിഫെസ്റ്റോ ഞാന്‍ ഇടുന്നില്ല.
പക്ഷെ അവിടെ ഞാന്‍ കൊടുത്തിരിക്കുന്ന വാക്ക് പാലിച്ചിരിക്കും. കേരളത്തിന്റെ വികസനത്തിന് വേണ്ടി മുന്നിട്ടിറങ്ങും. കേരളത്തിലെ എംപിയായിട്ട് ആയിരിക്കും തൃശൂരിലെ പ്രജാദൈവങ്ങള്‍ എന്നെ അവരോധിക്കുന്നത് എന്ന് മാത്രം ഞാന്‍ പറയുന്നു. ഒരുപാട് സന്തോഷം ഞാന്‍ പങ്കുവയ്ക്കുന്നു. ഞാന്‍ എംയിസിന് വേണ്ടി ഒരു ശ്രമം നടത്തുന്നുണ്ട്. ഇടതിന്റെയും വലതിന്റെയും രാഷ്ട്രീയത്തില്‍ അതൃപ്തി രേഖപ്പെടുത്തി കൊണ്ടാണ് അവര്‍ എനിക്ക് വോട്ട് ചെയ്തത്. രണ്ട് കക്ഷിയിലെയും വോട്ടര്‍മാര്‍ എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്.
Read more
അവര്‍ എന്റെ പാര്‍ട്ടിക്ക് വേണ്ടി ചെയ്ത വോട്ട് അല്ല അത്. തൃശൂര്‍ ഞാന്‍ ഇപ്പോഴും എടുത്തിട്ടില്ല. അവര്‍ എനിക്കത് തന്നു, ഞാന്‍ അതിനെ ഹൃദയത്തില്‍ വച്ചു. ഇനി ഞാന്‍ അത് എടുത്ത് തലയില്‍ വയ്ക്കും. ഞാന്‍ എന്ത് കിരീടമാണോ ലൂര്‍ദ് മാതാവിന് കൊടുത്തത് അതേ പോലെയുള്ള ഒരു കിരീടമായിട്ട് ഞാന്‍ തൃശൂരിനെ എന്റെ തലയില്‍ വയ്ക്കും. നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റി ഞാന്‍ കൊണ്ട് നടക്കും. അഞ്ച് കൊല്ലത്തെ പ്ലാനില്‍ എനിക്ക് മൂന്ന് മൊഡ്യൂള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. പറഞ്ഞ് പറ്റിക്കില്ല. കല എന്റെ പാഷന്‍. എനിക്ക് പാട്ട് പാടാനും അഭിനയിക്കാനും ഇഷ്ടമാണ്. എനിക്ക് ഇനിയും നാഷണല്‍ അവാര്‍ഡ് വാങ്ങണം.