കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവനില്‍ വ്യാപക ക്രമക്കേട്, ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗം

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ ഭവനില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് ആരോപണം. സര്‍വകലാശാലയില്‍ തിരുത്തല്‍ ആവശ്യങ്ങള്‍ക്കും, സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും കൈക്കൂലി വാങ്ങുന്നുവെന്നാണ് പരാതി. ചെലാനില്‍ ക്രമക്കേട് കാണിച്ച് പണം തട്ടുന്ന വ്യാജ ചെലാന്‍ മാഫിയ സജീവമാണെന്ന് സിന്‍ഡിക്കേറ്റ് അംഗം റഷിദ് അഹമ്മദ് ആരോപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ എത്തിയവരില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് സര്‍വകലാശാല രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും, ഇത്തരത്തില്‍ കൈക്കൂലിക്കൊപ്പം, സര്‍വകലാശാലയ്ക്ക് കിട്ടേണ്ട ചെലാനില്‍ അടക്കം തട്ടിപ്പ് നടത്തുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് വിവരം. സര്‍വകലാശാലയില്‍ നേരത്തെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടും വേണ്ട നടപടി എടുത്തില്ലെന്നും സിന്‍ഡിക്കേറ്റ് അംഗം പറഞ്ഞു.

സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തത്.സര്‍വകലാശാലയിലെ പരീക്ഷാ ഭവന്‍ അസിസ്റ്റന്റ് എം.കെ മന്‍സൂറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മന്‍സൂര്‍ കൈക്കൂലി വാങ്ങി എന്നാരോപിച്ച് മലപ്പുറം സ്വദേശിനി പരാതി നല്‍കിയിരുന്നു. ഈ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ആരോപണത്തെ തുടര്‍ന്ന് പരീക്ഷ ഭവനിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ ഡോ. സുജിത് കുമാറിനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം ക്രമക്കേട് അന്വേഷിക്കാന്‍ സര്‍വകലാശാല പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതി അന്വേഷണം നടത്തും. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് വി.സി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.