വനംമന്ത്രി ബിഷപ്പുമാര്‍ക്കെതിരെ നടത്തിയ പ്രസ്താവന അനുചിതമെന്ന് സിറോ മലബാര്‍ സഭ.
വന്യമൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി സംസാരിക്കുന്ന വനം മന്ത്രി എ.കെ ശശീന്ദ്രനും ഹതഭാഗ്യരായ മനുഷ്യ ജീവനുകളുടെ സംരക്ഷണത്തിനുവേണ്ടി സംസാരിക്കുന്ന പിതാക്കന്മാരും തമ്മിലുള്ള ഒരു പ്രശ്‌നമായി അതീവ ഗുരുതരമായ വന്യമൃഗ ആക്രമണങ്ങളെ ചുരുക്കരുത്.
കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളില്‍ പൊലിഞ്ഞത് നാലു മനുഷ്യ ജന്മങ്ങളാണ്; കഴിഞ്ഞ 43 ദിവസങ്ങള്‍ക്കുള്ളില്‍ 11 മനുഷ്യര്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. ഈ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വനം വകുപ്പിന്റെയും മന്ത്രിയുടെയും കണ്ണുകള്‍ തുറക്കാന്‍, ഈ ജീവല്‍പ്രശ്‌നത്തിനു ശാശ്വതമായ പരിഹാരമുണ്ടാകാന്‍ എത്രപേര്‍ ആക്രമിക്കപ്പെടണം? എത്രപേര്‍ കൊല്ലപ്പെടണം?
വനാതിര്‍ത്തികളിലും മലയോരങ്ങളിലും താമസിക്കുന്ന സാധാരണക്കാരായ കര്‍ഷകര്‍ ജീവഭയത്തിലാണ് നാളുകള്‍ തള്ളിനീക്കുന്നത്. ആരെങ്കിലും കാട്ടുമൃഗങ്ങളാല്‍ കൊലചെയ്യപ്പെട്ടുകഴിഞ്ഞാല്‍ ധനസഹായം പ്രഖ്യാപിക്കാന്‍ മാത്രമായി ഒരു വനം-വന്യജീവി വകുപ്പ് നമുക്ക് ആവശ്യമുണ്ടോ?.
കാട്ടാനയ്ക്കും കാട്ടുപന്നിയ്ക്കും എന്തിനേറെ, തെരുവുനായ്ക്കള്‍ക്കുവേണ്ടിപ്പോലും സംസാരിക്കാന്‍ ആളുകളുണ്ട്, സംഘടനകളുണ്ട്; മനുഷ്യര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ലാത്ത ദയനീയ അവസ്ഥയാണ് നമ്മുടെ നാട്ടില്‍. സാംസ്‌കാരിക ഔന്നത്യമുള്ള കേരളമല്ലിത് പ്രാകൃത കേരളമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ തെറ്റുപറയാനാവില്ല.
‘ബിഷപ്പുമാര്‍ നല്ല വാക്ക് പറയുന്നവരെന്നാണ് എന്റെ ധാരണ, എന്നാല്‍ ചില സമയങ്ങളില്‍ അത് അങ്ങനെയാണോ എന്ന് സംശയം ഉണ്ട്. ബിഷപ്പുമാരേ പറ്റിയുള്ള ധാരണ തെറ്റിക്കരുത്’ എന്ന വനംമന്ത്രി എ.കെ ശശീന്ദ്രന്റെ പ്രസ്താവന അനുചിതമാണെന്നു മാത്രമല്ല അപലപനീയവുമാണ്.
Read more
മനുഷ്യജീവനു കാട്ടാനയുടെയോ തെരുവുനായയുടെയോ വിലപോലും കല്‍പ്പിക്കാത്ത കാടന്‍ നിയമങ്ങള്‍ക്കെതിരെയും തികഞ്ഞ അനാസ്ഥയോടെ നിര്‍ജീവമായിരിക്കുന്ന വനം വകുപ്പിനെതിരെയും ഗുരുതരമായ ഈ പ്രശ്‌നത്തിനു യാതൊരു പരിഹാരവും കാണാത്ത മന്ത്രിക്കെതിരെയും ശബ്ദിക്കാതിരിക്കാനാവില്ല. മനുഷ്യജീവനുവേണ്ടി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നവരാണ് ബിഷപ്പുമാരെന്ന ധാരണ വനം മന്ത്രിക്കുണ്ടായാല്‍ നന്ന്. നിഷ്‌ക്രിയനായ വനം മന്ത്രി രാജിവെക്കണമെന്നത് രാഷ്ട്രീയ ആവശ്യമല്ല, ജനകീയ ആവശ്യമാണെന്നും സിറോ മലബാര്‍ സഭവ്യക്തമാക്കി.