'35 രൂപയ്ക്ക് പാരഗണ്‍ ഹോട്ടലില്‍ ഗംഭീര ഊണ്‍ കിട്ടും; ജനകീയ എന്ന പേര് ഇല്ലന്നേയുള്ളൂ'; ജനകീയ ഹോട്ടലുകളിലെ വിലവര്‍ദ്ധനയില്‍ സര്‍ക്കാരിന് എതിരെ ടി സിദ്ധീഖ്

സര്‍ക്കാര്‍ സഹായത്തോടെ കുടുംബശ്രീ യൂണിറ്റുകള്‍ നടത്തുന്ന ജനകീയ ഹോട്ടലിലെ ഊണിന് വില ഉയര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ടി സിദ്ധീഖ് എംഎല്‍എ. ജനകീയ ഹോട്ടലുകളില്‍ 20 രൂപയ്ക്ക് നല്‍കിയിരുന്ന ഊണിന് ഇനിമുതല്‍ 30 രൂപയാണ് നല്‍കണം. പുതിയ വില അനുസരിച്ച് പാഴ്സല്‍ ഊണിന് 35 രൂപ നല്‍കണം. ഇതിനെതിരെയാണ് സിദ്ധീഖ് രംഗത്തെത്തിയിരിക്കുന്നത്.

ജിയോ സിം അംബാനി ഫ്രീ കൊടുത്തത് ഓര്‍മ്മ വരുന്നു, ഓരോ ബിസിനസ് ഐഡിയകള്‍.. കൊള്ളാം… ആ ‘ജനകീയ’ എന്ന പേര് അതിമനോഹരമായിരിക്കുന്നു… 35 രൂപയ്ക്ക് പ്രശസ്തമായ കോഴിക്കോട് പാരഗണ്‍ ഹോട്ടലില്‍ ഗംഭീര ഊണ്‍ കിട്ടും… ജനകീയ എന്ന പേര് ഇല്ല എന്നേയുള്ളൂവെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

ഒന്നാം വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായായിരുന്നു ഒന്നാം പിണറായി സര്‍ക്കാരാണ് 20 രൂപ നല്‍കി ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഊണിന് വില കൂട്ടുന്നത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറക്കിയത്. കുടുംബശ്രീ പ്രവര്‍ത്തകരാണ് ജനകീയ ഹോട്ടലുകള്‍ നടത്തുന്നത്. സാധാരണ ഗതിയില്‍ ഓരോ ജനകീയ ഹോട്ടലിനും വില്‍പനക്ക് അനുസരിച്ച് നാല് മുതല്‍ 10 വരെ ജീവനക്കാരാണുള്ളത്.

പച്ചക്കറിക്ക് അടക്കം വന്‍ വില ഉയര്‍ന്നതോടെ ജനകീയ ഹോട്ടലുകള്‍ വന്‍ പ്രതിസന്ധിയാണ് നേരിട്ടത്. ഇതിന് വില വര്‍ദ്ധനവിലൂടെ ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.