തൃശൂര്‍ കുന്നംകുളത്ത് തമിഴ്നാട് സ്വദേശി പരസ്വാമിയുടെ മരണത്തിന് ഇടയാക്കിയ പിക്കപ്പ്വാന്‍ കണ്ടെത്തി. വെള്ളാറക്കാട് സ്വദേശിയുടെ വാനാണ് അപകടത്തിന് കാരണമായത്. പിക്കപ്പ്വാന്‍ ഇടിച്ച് താഴെ വീണ പരമസ്വാമിയുടെ കാലില്‍കൂടി കെഎസ്ആര്‍ടിസി സ്വിഫ്റ്റും കയറി ഇറങ്ങിയിരുന്നു.
നേരത്തേ കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസിടിച്ചാണ് ഇയാള്‍ മരിച്ചത് എന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സ്വിഫ്റ്റല്ല മറ്റൊരു വാഹനമാണ് ഇടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
കുന്നുംകുളത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പരസ്വാമി റോഡുമുറിച്ച് കടക്കുന്നതിനിടെയാണ് പിക്കപ്പ് വാന്‍ ഇടിച്ചത്. അമിതവേഗത്തില്‍ എത്തിയ ബസ് ഇടിക്കുകയായിരുന്നു എന്നും ബസ് നിര്‍ത്താതെ പോയെന്നുമായിരുന്നു ആക്ഷേപം ഉയര്‍ന്നത്. അപകടം ബസിന്റെ ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് പൊലീസ് പറഞ്ഞത്.
അപകടം നടന്ന ഉടനെ നാട്ടുകാര്‍ കുന്നംകുളം പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ പരസ്വാമിയെ ഉടനെ അടുത്തുള്ള താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read more
കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് തൃശൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കെ-സ്വിഫ്റ്റ് ബസ് നേരത്തെയും അപകടത്തില്‍പ്പെട്ടിരുന്നു. ആദ്യത്തെ അപകടത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കുമെന്നും കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു.