ആരോപണങ്ങള്‍ കഴമ്പില്ലാത്തത്, അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു; സിമി റോസ്‌ബെല്ലിന്റെ ആരോപണങ്ങള്‍ തള്ളി കെ സുധാകരന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ എഐസിസി അംഗം സിമി റോസ്‌ബെല്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിമി റോസ്‌ബെല്ലിന്റെ ആരോപണം കഴമ്പില്ലാത്തതാണെന്നും ഇതിനെതിരെ മഹിള കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

ഇതേ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയിലെ അവസരങ്ങള്‍ നിഷേധിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടരും നിരന്തരം ശ്രമിക്കുന്നെന്നാണ് എഐസിസി അംഗത്തിന്റെ പരാതി. ഇനിയും അവഗണന തുടര്‍ന്നാല്‍ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരുമെന്നാണ് പരാതിയില്‍ പറയുന്നത്.

കെപിസിസി പ്രസിഡന്റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വരാന്‍ സതീശന്‍ അനുവദിക്കുന്നില്ല എന്നാണ് സിമിയുടെ ആരോപണം. കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും ഉള്‍പ്പെടെയുള്ളവര്‍ തന്നെ അനുകൂലിക്കുമ്പോഴും സതീശന്‍ തന്നെ അവഗണിക്കുകയാണ്.

തന്റെ പാര്‍ട്ടിയില്‍ എനിക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ തന്റെയത്ര പോലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത വി ഡി സതീശന്റെ അനുവാദം വേണോ എന്നും സിമി ചോദിച്ചു. ഹൈബിയും സമ്മതിക്കില്ല, പ്രതിപക്ഷ നേതാവും സമ്മതിക്കില്ല. പതിനഞ്ചോ പതിനേഴോ വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ വന്ന ഹൈബി ഈഡന്റെ അനുവാദം വേണോ? തനിക്ക് അര്‍ഹതയില്ലേ എന്നും സിമി ചോദിക്കുന്നു.

Read more

മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന സിമി ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പിഎസ്സി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. പിഎസ്‌സി കിട്ടിയില്ലേ, വീട്ടിലിരിക്കാന്‍ സതീശന്‍ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സിമി പറഞ്ഞു. പ്രതിപക്ഷ നേതാവിനെതിരായ വിമര്‍ശനത്തിന്റെ പേരില്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുമെന്നും സിമി പറഞ്ഞു.