മരണകാരണം ബ്ലാക് മാജിക്ക് തന്നെയെന്ന് പൊലീസ്; അരുണാചലിൽ മരിച്ച ദമ്പതികളുടെയും സുഹൃത്തിന്റെയും മൃതദേഹം സംസ്കരിക്കും

അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി ആര്യയുടെയും ദേവിയുടെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും. നവീൻ്റെ മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും.

ഉച്ചയ്ക്ക് 12.20 ഓടെയാണ് മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രി നടപടികൾ പൂർത്തിയാക്കിയ ശേഷം ആര്യയുടെയും ദേവിയുടെയും മൃതദേഹം തിരുവനന്തപുരത്തെ വീടുകളിൽ എത്തിച്ചു. ആര്യയുടെ മൃതദേഹം നാലരയ്ക്കും ദേവിയുടേത് അഞ്ചരയ്ക്കും ശാന്തികവാടത്തിൽ സംസ്‌കരിക്കും.

തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിനി ദേവി, ഭര്‍ത്താവ് കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ്, ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം മേലത്തുമേലെ ജങ്ഷന്‍ ശ്രീരാഗത്തില്‍ ആര്യ നായര്‍ എന്നിവരെയാണ് കഴിഞ്ഞദിവസം അരുണാചലിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂവരുടെയും മരണകാരണം ബ്ലാക് മാജിക്കാണ് എന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം.

ആര്യ മകളാണെന്ന് പറഞ്ഞാണ് മാർച്ച് 28ന് ദമ്പതിമാർ മുറിയെടുത്തത്. എന്നാൽ ഇതിനുള്ള രേഖകള്‍ നല്‍കിയിരുന്നില്ല. മാര്‍ച്ച് 31വരെ മൂവരെയും ഹോട്ടല്‍ ജീവനക്കാര്‍ പുറത്ത് കണ്ടിരുന്നു. മൂവരും മരിച്ച മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളോ സംശായസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല. ഒരു കത്ത് മാത്രമാണ് ലഭിച്ചത്. ഞങ്ങള്‍ സന്തോഷത്തിലാണെന്നും എവിടെയായിരുന്നോ അവിടേക്ക് പോവുകയാണെന്നുമാണ് കത്തിലുണ്ടായിരുന്നത്. ചില ഫോണ്‍നമ്പറുകളും കത്തിലുണ്ടായിരുന്നു.