ബസ്, ഓട്ടോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

സംസ്ഥാനത്തെ ബസ് ചാര്‍ജ്ജ് വര്‍ദ്ധനയ്ക്ക് അംഗീകാരം നല്‍കി ഇടതുമുന്നണിയോഗം മിനിമം ചാര്‍ജ് 10 രൂപയാക്കി. നിലവില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. വിദ്യാര്‍ത്ഥികളുടെ നിരക്ക് മൂന്ന് രൂപയുമാക്കുമെന്നായിരുന്നു മുമ്പ് പുറത്തുവന്ന സൂചന.  വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റമില്ലെങ്കിലും ഈ വിഷയത്തില്‍ ഒരു കമ്മീഷനെ വെച്ച് വിശദമായ പഠനം നടത്താനാണ് യോഗത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനം.

അതേസമയം, ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് 30 രൂപയാക്കും. ടാക്‌സി നിരക്കിലും വര്‍ധനവുണ്ട് 1500 സിസിയ്ക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് ചാര്‍ജ് 225 രൂപയും താഴെയുള്ളവയ്ക്ക് 200 രൂപയുമാക്കി നിജപ്പെടുത്തും.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവും ഇതുമൂലമുണ്ടാകുന്ന വിലക്കയറ്റവും മൂലമാണ് ഈയൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വ്യക്തമാക്കി. നേരത്തെ നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബസ് ഉടമകള്‍ സമരം നടത്തിയിരുന്നു.

ഇതിന് നേരത്തെ തന്നെ അനുകൂല നിലപാട് എടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ നിലപാട്. എന്നാല്‍ പൊതുജനത്തിന്റെ ബുദ്ധിമുട്ട് പരമാവധി ലഘൂകരിച്ചുള്ള തീരുമാനമാണ് ഇടതുമുന്നണി യോഗത്തില്‍ ഉയര്‍ന്നു വന്നതെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.