മികച്ച സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കിയും തൊഴിലാളി സൗഹൃദ നടപടികളിലൂടെയും കെ എസ് ആര്‍ ടി സിയുടെ പുതിയ ഘട്ടത്തിന് തുടക്കമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളുമായാണ് കെ എസ് ആര്‍ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം സര്‍വീസുകള്‍ ആരംഭിക്കുന്നത്.
ആദ്യഘട്ടത്തില്‍ 10 ബസുകളാണ് ഇത്തരത്തില്‍ സര്‍വീസ് നടത്തുക. വൈഫൈ കണക്ഷന്‍, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങള്‍ ബസില്‍ ഉണ്ട്. 40 സീറ്റുകളാണ് ബസില്‍ ഉള്ളത്. പൊതുജനങ്ങള്‍ക്ക് മികച്ച യാത്ര സൗകര്യങ്ങള്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോയ കെ എസ് ആര്‍ ടി സിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇന്ന് സ്വിഫ്റ്റ് തനത് ഫണ്ട് ഉപയോഗിച്ചാണ് പുതിയ പത്ത് എസി ബസുകള്‍ വാങ്ങിച്ചു. ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് എല്ലാ മാസത്തിലും ഒന്നാം തീയതി തന്നെ മുഴുവന്‍ ശമ്പളവും നല്‍കാനാണ് ശ്രമിക്കുന്നത്. നല്ല ഭാവിയിലേക്ക് കെ എസ് ആര്‍ ടി സി നീങ്ങുന്നു എന്നതിന്റെ ഉദാഹരണമാണ് അത്യാന്താധുനിക സൗകര്യങ്ങളുള്ള സൂപ്പര്‍ ഫാസ്റ്റ് എ സി സര്‍വീസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read more
കെ എസ് ആര്‍ ടി സിയിലെ തൊഴിലാളികള്‍ക്ക് കൈമാറാന്‍ ഇതിനകം 850 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടപെടലോടെ തൊഴിലാളികള്‍ക്ക് ഒരുമിച്ച് ശമ്പളം നല്‍കാന്‍ കഴിഞ്ഞു. മറ്റ് സ്വകാര്യ ബസ് സര്‍വീസുകളില്ലാത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും വൈഫൈ സൗകര്യവുമടക്കം ബസുകളിലുണ്ട്. ഡ്രൈവര്‍മാര്‍ ഉറങ്ങുകയോ മൊബൈല്‍ ഉപയോഗിക്കുകയോ ചെയ്താല്‍ കണ്‍ട്രോള്‍ റൂമില്‍ അലര്‍ട്ടുകള്‍ ലഭിക്കുമെന്നത് യാത്രാ സുരക്ഷിതത്വം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.