'മൃതദേഹങ്ങള്‍ അറവുശാലയിലെ പോലെ വെട്ടിനുറുക്കി'; രക്തം കണ്ടാല്‍ ഭയമില്ലാത്തതിന്റെ കാരണം പറഞ്ഞ് ഷാഫി

ഇലന്തൂര്‍ നരബലിയില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മൃതദേഹങ്ങള്‍ അറവുശാലയിലേതുപോലെ വെട്ടിനുറുക്കിയെന്ന് ലൈല പൊലീസിനോട് പറഞ്ഞു. വീട്ടിലെ അറവുകത്തികൊണ്ടാണ് വെട്ടിനുറുക്കിയത്. രണ്ട് തടിക്കഷ്ണങ്ങള്‍ക്ക് മുകളില്‍ വെച്ചാണ് ഇത്തരത്തില്‍ ചെയ്തതെന്നും ലൈല മൊഴി നല്‍കി.

രക്തം കണ്ടാല്‍ ഭയമില്ലാത്തതിന്റെ കാരണം ഷാഫി പൊലീസിനോട് വെളിപ്പെടുത്തി. താന്‍ മുമ്പ് അറവുകാരനായി ജോലിചെയ്തിട്ടുണ്ടെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആലുവയില്‍ അറവുശാലയില്‍ ജോലിചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ രക്തംകണ്ടാല്‍ തനിക്ക് ഭയമില്ലെന്നാണ് ഷാഫി പറഞ്ഞത്.

കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ലൈല നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഷാഫിയുടെ നിര്‍ദേശ പ്രകാരം ആയിരുന്നു ഇതെന്നും ലൈല പറഞ്ഞിരുന്നു

അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കം മൂന്നുപ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. മുഹമ്മദ് ഷാഫി, രണ്ടാംപ്രതി ഭഗവല്‍ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.

രണ്ട് ജില്ലകളിലായി നടന്ന കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവ് ശേഖരിക്കേണ്ടതുണ്ട്. പ്രതികള്‍ സമാനമായ ആസൂത്രണത്തിലൂടെ മറ്റാരെയെങ്കിലും കെണിയില്‍ പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധന വേണമെന്ന് പോലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.