മുതലപ്പൊഴി അപകടം; കാണാതായ മൂന്നുപേര്‍ വലയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് നിഗമനം

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരും. മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ശക്തമായ കാറ്റിലും തിരമാലയിലും പെട്ട വള്ളം മറിഞ്ഞ് രണ്ട് പേരാണ് മരിച്ചത്. പ്രതികൂലമായ കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം. നേവിയുടെ തീര നിരീക്ഷണക്കപ്പലെത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനാണ് ശ്രമം.

മുങ്ങല്‍ വിദഗ്ധരുടെ സേവനവും തേടിയിട്ടുണ്ട്. വര്‍ക്കല സ്വദേശികളായ മുസ്തഫ,ഉസ്മാന്‍,സമദ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. അപകട സമയത്ത് മറ്റ് വള്ളങ്ങളിലായെത്തിയവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ്. 9 പേരുടെ ജീവന്‍ രക്ഷിച്ചത്. 9 പേര്‍ നീന്തിരക്ഷപ്പെട്ടു.

കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ബോട്ടുകള്‍ ഉടന്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും കാറ്റ് ശക്തമായതോടെ നിര്‍ത്തി. ഹെലികോപ്റ്റര്‍, എയര്‍ ആംബുലന്‍സ് വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തിനും മോശം കാലാവസ്ഥ തിരിച്ചടിയായി.
കാണാതായവര്‍ അപകടം നടന്ന സ്ഥലത്ത് വലയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് നിഗമനം. ക്രെയിന്‍ എത്തിച്ച് വലയ്ക്കുള്ളില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഇന്നലെ രാത്രി നടന്ന ശ്രമവും വിജയിച്ചില്ല.