സംസ്ഥാനത്ത് സൂര്യതാപം മൂലം 284 പേര്‍ക്ക് അസ്വാസ്ഥ്യം ഉണ്ടായി, കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പത്തനംതിട്ട ജില്ലയില്‍

സംസ്ഥാനത്ത് ഇതുവരെ സൂര്യതാപം മൂലം 284 പേര്‍ക്ക് അസ്വാസ്ഥ്യം ഉണ്ടായി. സൂര്യതാപവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പത്തനംതിട്ട ജില്ലയിലാണ്, 41 എണ്ണം. ഒരു മരണം മാത്രമാണ് സൂര്യതാപവുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചിട്ടുളളത്. അസ്വസ്ഥതയുണ്ടായ എല്ലാവര്‍ക്കും ആശുപത്രികളിലെ ഒ.പി വിഭാഗത്തില്‍ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

സൂര്യതാപം, വരള്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിന് ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജില്ലാ കളക്ടര്‍മാരുമായി ജില്ലകളിലെ സ്ഥിതിഗതികള്‍ ചീഫ് സെക്രട്ടറി വിലയിരുത്തി. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള മൂന്ന് ടാസ്‌ക് ഫോഴ്സുകള്‍ ജില്ലകളിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ജില്ലാ കളക്ടറേറ്റുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ഉടനെ തുടങ്ങണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

വരള്‍ച്ച, കുടിവെള്ള ദൗര്‍ലഭ്യം, ജില്ലകളിലെ കണ്‍ട്രോള്‍ റൂം മേല്‍നോട്ടം, ഏകോപനം എന്നിവയ്ക്കായി ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യു ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് ഒരു കമ്മിറ്റി. ജലദൗര്‍ലഭ്യം മൂലം നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങള്‍ മനുഷ്യര്‍ക്കും വിളകള്‍ക്കും നാശനഷ്ടവും ആപത്തും സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനായി വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാന ഫോറസ്റ്റ് മേധാവി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം പ്രവര്‍ത്തിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും പ്രവര്‍ത്തന പുരോഗതിയുടെ മേല്‍നോട്ടത്തിനും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മറ്റൊരു ടീം പ്രവര്‍ത്തിക്കുക. ടാസ്‌ക് ഫോഴ്സുകളുമായി സഹകരിച്ച് ജില്ലാ കളക്ടര്‍മാര്‍ ജില്ലകളിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.

സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാനും ജനങ്ങള്‍ക്ക് കുടിവെള്ളമില്ലാത്ത സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. നിലവില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ 122 തദ്ദേശസ്ഥാപനങ്ങളില്‍ ടാങ്കര്‍ ലോറികള്‍ വഴി കുടിവെള്ളം കിയോസ്‌കുകളിലേക്ക് വിതരണം ചെയ്യുന്നുണ്ട്. കന്നുകാലികള്‍, വന്യമൃഗങ്ങള്‍ എന്നിവയ്ക്കും കുടിവെള്ളം ലഭ്യമാക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

സൂര്യാഘാതവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ജനങ്ങളെ ശരിയായ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ജലം പാഴാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു. ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും പുറപ്പെടുവിക്കുന്ന ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

Read more

ജില്ലകളിലെ കുടിവെള്ള ലഭ്യത യോഗം വിലയിരുത്തി. ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം ആരംഭിച്ച തദ്ദേശസ്ഥാപനങ്ങളുടെ വിവരം ശേഖരിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ആര്‍. ഗിരിജ, എല്‍. എസ്. ജി അര്‍ബന്‍ ഇന്‍ ചാര്‍ജ് സെക്രട്ടറി ഡോ. മിത്ര ടി., ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ എം. അഞ്ജന വിവിധ വകുപ്പുകളിലെ മറ്റു ഉന്നതതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.