വടിവാളുമായെത്തി ഹോട്ടല്‍ അടിച്ചുതകര്‍ത്ത സംഭവം; പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു

ആലപ്പുഴയില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്തു. രണ്ട് ദിവസം മുന്‍പ് ആലപ്പുഴ കളര്‍കോട് പ്രവര്‍ത്തിക്കുന്ന അഹലന്‍ കുഴിമന്തി എന്ന ഹോട്ടലിലാണ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിഎഫ് ജോസഫിനെതിരെയാണ് കേസെടുത്തിട്ടുള്ളത്.

ആലപ്പുഴ വാടക്കല്‍ സ്വദേശിയാണ് ജോസഫ്. ആലപ്പുഴ സൗത്ത് പൊലീസാണ് ജോസഫിനെതിരെ കേസെടുത്തിട്ടുള്ളത്. മകന് ഹോട്ടലില്‍ നിന്ന് കഴിച്ച കുഴിമന്തിയില്‍ നിന്ന് ഭക്ഷ്യവിഷ ബാധയേറ്റതായി ആരോപിച്ചാണ് ജോസഫ് ഹോട്ടല്‍ അടിച്ചുതകര്‍ത്തത്. ബൈക്കില്‍ വടിവാളുമായി എത്തിയാണ് ജോസഫ് ആക്രമണം നടത്തിയത്.

ഹോട്ടലിലെത്തിയ ജോസഫ് ബൈക്ക് ഹോട്ടലിനുള്ളിലേക്ക് ഇടിച്ചുകയറ്റി വടിവാളുപയോഗിച്ച് ഹോട്ടല്‍ തകര്‍ക്കുകയായിരുന്നു. ജോസഫിനെതിരെ വധശ്രമം ഉള്‍പ്പെടെ ഗുരുതര വകുപ്പുകളാണ് ആലപ്പുഴ സൗത്ത് പൊലീസ് ചുമത്തിയിട്ടുള്ളത്. പ്രതിയുടെ മുന്‍കാല ചരിത്രവും അന്വേഷിക്കാന്‍ കോട്ടയം എസ്പി സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഹോട്ടലില്‍ ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതി സംഭവ സമയം മദ്യ ലഹരിയിലായിരുന്നുവെന്ന് തെളിയിക്കുന്ന വൈദ്യപരിശോധന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ചങ്ങനാശ്ശേരിയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞെത്തിയ ജോസഫ് ആലപ്പുഴയിലെത്തി മദ്യപിച്ച ശേഷമാണ് ആക്രമണം നടത്തിയത്.