കണ്ണൂരില്‍ അങ്കണവാടിയില്‍ മൂന്ന് വയസുകാരന് വീണ് പരിക്കേറ്റിട്ടും കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുകയോ രക്ഷിതാക്കെള വിവരം അറിയിക്കുകയോ ചെയ്യാതിരുന്ന സംഭവത്തില്‍ നടപടി. അങ്കണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്കി.
നേരത്തെ ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിഷയത്തില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. കളിക്കുന്നതിനിടെയാണ് കുട്ടിയ്ക്ക് വീണ് പരിക്കേല്‍ക്കുന്നത്.
വൈകുന്നേരത്തോടെ കുട്ടിയെ വിളിക്കാനെത്തിയ ബന്ധുവാണ് പരിക്ക് കണ്ടത്. മുറിവില്‍ ചായപ്പൊടി വച്ചുകെട്ടിയ നിലയിലായിരുന്നു. കുട്ടിയ്ക്ക് പരിക്കേറ്റ വിവരം മാതാപിതാക്കളെ അറിയിച്ചില്ലെന്നും കുട്ടിയ്ക്ക് വൈദ്യസഹായം നല്കാന് അങ്കണവാടി ജീവനക്കാര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
വൈകുന്നേരത്തോടെ കുട്ടിയ്ക്ക് പനി ആരംഭിച്ചതോടെ രക്ഷിതാക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. പരുക്ക് ഗുരുതരമെന്ന് കണ്ടതോടെ പരിയാരത്ത് നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.