കണ്ണൂരില്‍ പെട്രോള്‍ നിറച്ചിട്ട് പണം നല്‍കിയില്ല; കാശ് ചോദിച്ച ജീവനക്കാരനെ ഇടിച്ച് ബോണറ്റിലിട്ട് പൊലീസ് ഡ്രൈവറുടെ യാത്ര

കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച പൊലീസ് ഡ്രൈവര്‍ക്കെതിരെ വകുപ്പുതല നടപടി. ജീവനക്കാരനെ ആക്രമിച്ച കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പൊലീസ് ഡ്രൈവര്‍ സന്തോഷ് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ ഐജിയുടെ നിര്‍ദ്ദേശം. വാഹനത്തില്‍ പെട്രോള്‍ നിറച്ച ശേഷം പണം കൊടുക്കാതെ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു സന്തോഷ് കുമാര്‍.

കണ്ണൂര്‍ ടൗണിലെ എന്‍കെബിടി പെട്രോള്‍ പമ്പിലാണ് സംഭവം നടന്നത്. സ്വിഫ്റ്റ് കാറിലെത്തിയ സന്തോഷ് കുമാര്‍ ജീവനക്കാരനോട് ഫുള്‍ ടാങ്ക് പെട്രോള്‍ നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. പെട്രോള്‍ നിറച്ച ശേഷം ജീവനക്കാരനായ അശോകന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ പ്രതി ജീവനക്കാരനെ ഇടിച്ചുതെറിപ്പിച്ച് വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിലും പിടിവിടാതെ കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്ന അശോകനെയും കൊണ്ട് കാര്‍ ടൗണ്‍ സ്‌റ്റേഷന്‍ വരെ പോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. നേരത്തെ കളക്ടറേറ്റിന് മുന്‍പിലെ പെട്രോള്‍ പമ്പില്‍ പൊലീസ് വാഹനം ഇടിച്ചുകയറ്റിയതും സന്തോഷ് കുമാര്‍ ആയിരുന്നു.