ക്ഷേത്രോത്സവത്തിനിടെ ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ഹര്‍ത്താല്‍ പ്രഖ്യാപിച്ച് സിപിഎം

ക്ഷേത്രോത്സവത്തിനിടെ ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് സിപിഎം. കൊയിലാണ്ടി ഏരിയയിലാണ് ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനംചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

സംഭവമറിഞ്ഞയുടന്‍ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാര്‍, കാനത്തില്‍ ജമീല എംഎല്‍എ അടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായാണ് സൂചന. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥന്‍ ആണ് കൊല്ലപ്പെട്ടത്.

Read more

കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള നാലിലധികം മുറിവുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.