ചാത്തനെ പുറത്താക്കണോ എന്ന് ജനങ്ങള്‍ തീരുമാനിക്കും; ഷിബു ബേബി ജോണിന് നന്ദി പറഞ്ഞ് മുകേഷ്

നല്ല നടനാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ എം മുകേഷ്. തനിക്ക് പറ്റുമെന്ന് തോന്നുന്ന റോളുകള്‍ മാത്രമേ താന്‍ എടുക്കാറുള്ളെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ സിനിമകളില്‍ താന്‍ എന്തിനാണ് അഭിനയിക്കുന്നതെന്ന് ചോദിക്കാറുണ്ടെന്നും മുകേഷ് പറഞ്ഞു.

നിങ്ങള്‍ ചെയ്താലേ ശരിയാകൂ എന്ന് സംവിധായകര്‍ മറുപടി പറയുന്ന റോളുകള്‍ മാത്രമാണ് താന്‍ തിരഞ്ഞെടുക്കുന്നത്. ഭ്രമയുഗത്തില്‍ ഹീറോ മമ്മൂട്ടിയാണ്. ഷിബു ബേബി ജോണ്‍ ഉദ്ദേശിക്കുന്ന ആ ഹീറോ റോള്‍ പ്രേമചന്ദ്രനാണ്. ഭ്രമയുഗത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ശരീരത്തില്‍ ചാത്തന്‍ കയറിയിരിക്കുകയാണ്.

ആ ചാത്തനെ പുറത്താക്കണോ വേണ്ടയോ എന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും എം മുകേഷ് അഭിപ്രായപ്പെട്ടു. താന്‍ 1748 കോടി രൂപയുടെ വികസനമാണ് കൊല്ലത്തിന് വേണ്ടി ചെയ്തത്. അഭിനയവും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകാം. തന്റെ അച്ഛന്‍ നാടക നടനും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നെന്നും മുകേഷ് പറഞ്ഞു.

താന്‍ എന്തുകൊണ്ടാണോ നിയമസഭയിലേക്ക് വന്നത് അതേ കാരണമാണ് ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോഴും തോന്നുന്നത്. അതിന് കാരണം കൊല്ലത്തെ താന്‍ അത്രയും സ്‌നേഹിക്കുന്നയാളാണെന്നും മുകേഷ് ട്വന്റി ഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.