നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഒന്നാം പ്രതി രാഹുല്‍ പി ഗോപാലിനെ രാജ്യം വിടാൻ സഹായിച്ച പോലീസുകാരന് സസ്‌പെൻഷൻ. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാലിനെയാണ് കമ്മീഷണർ സസ്‌പെന്‍ഡ് ചെയ്തത്. ന്നലെ രാത്രിയോടെയാണ് ശരത് ലാലിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.

ശരത് ലാല്‍ പ്രതിയെ നിരവധി തവണ വിളിച്ചതിന്റെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിച്ചു. പ്രതിയെ സാമ്പത്തികമായി സഹായിച്ചതിന്റെ തെളിവുകളും ലഭിച്ചതോടെയാണ് നടപടിയിലേക്ക് കടന്നത്. സംഭവ ദിവസം സിപിഒ ശരത് ലാല്‍ പന്തീരങ്കാവ് സ്റ്റേഷനിലെ ജിഡി ഡ്യൂട്ടിയിലായിരുന്നു. വധശ്രമ കുറ്റം ചുമത്താനുളള നീക്കം അടക്കം ഇയാള്‍ രാഹുലിനെ അറിയിച്ചിരുന്നു. പൊലീസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്‍കി. പൊലീസിന്റെ കണ്ണില്‍ പെടാതെ ചെക്ക് പോസ്റ്റ് കടക്കണം എന്നും നിര്‍ദേശിച്ചു.

രാഹുലിന് രാജ്യംവിടാന്‍ സഹായമൊരുക്കിയ സുഹൃത്ത് രാജേഷ് കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇയാളുടെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്. രാഹുലും രാജേഷും ബെംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനിടെ രാഹുലിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ ഹോണ്ട അമൈസ് ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

രാഹുലിന്റെ വീട്ടില്‍ പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത കാറില്‍ നിന്ന് ഫൊറന്‍സിക് സംഘം രക്തക്കറ കണ്ടെത്തി. രക്തസാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. കേസിലെ രണ്ട്, മൂന്ന് പ്രതികളായ രാഹുലിന്റെ മാതാവിന്റെയും സഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി നാളെ പരിഗണിക്കും. ചോദ്യം ചെയ്യലിന് നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് കുടുംബം കോടതിയെ സമീപിച്ചത്.

അതേസമയം രാഹുലിനെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ വിദേശത്ത് തുടരുന്നത് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ഉടന്‍ ലഭിക്കുമെന്നാണ് വിവരം. ബ്ലൂ കോര്‍ണര്‍ നോട്ടീസില്‍ ആവശ്യപ്പെട്ട വിവരങ്ങളാണ് ജര്‍മ്മന്‍ എംബസി കൈമാറുന്നത്. തുടര്‍ന്നാകും റെഡ് കോര്‍ണര്‍ നോട്ടിസ് നല്‍കുക.

മേയ് അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ രാഹുല്‍ പി ഗോപാലും (29) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. രാഹുല്‍ ജര്‍മനിയില്‍ എന്‍ജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. ഒരു ആഴ്ചക്ക് ശേഷം വിവാഹാനന്തരച്ചടങ്ങായ അടുക്കള കാണലിന് യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദനമേറ്റ പാടുകള്‍ കണ്ടത്. അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. അന്ന് തന്നെ യുവതിയെ ബന്ധുക്കള്‍ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.