മരം മുറിക്കാന്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി; കുടുംബത്തിനൊപ്പം യാത്ര ചെയ്ത ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവല്ലയില്‍ കുടുംബത്തിനൊപ്പം യാത്ര ചെയ്ത ബൈക്ക് യാത്രികന്റെ കഴുത്തില്‍ കയര്‍ കുരുങ്ങി ദാരുണാന്ത്യം. തിരുവല്ല മുത്തൂരിലാണ് സംഭവം നടന്നത്. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് ആണ് മരിച്ചത്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

മുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ വളപ്പില്‍ നിന്ന മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയിരുന്ന കയര്‍ സെയ്ദിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. കയര്‍ കഴുത്തില്‍ കുരുങ്ങി റോഡില്‍ വീണ സെയ്ദിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ സെയ്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സെയ്ദിന്റെ ഭാര്യയും കുട്ടികളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സെയ്ദിന്റെ മൃതദേഹം നിലവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കരാറുകാരനും മരംവെട്ടു തൊഴിലാളികള്‍ക്കുമെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.