അന്ന് 15 ലക്ഷം പറഞ്ഞ ഗുരുവായൂരിലെ ഥാറിന് ഇന്ന് 43 ലക്ഷം; സ്വന്തമാക്കി വിഘ്‌നേഷ്

മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തിന് വഴിപാടായി നല്‍കിയ ഥാര്‍ വീണ്ടും ലേലം ചെയ്തു. അങ്ങാടിപ്പുറം സ്വദേശിയും പ്രവാസി വ്യവസായിയുമായ വിഘ്നേഷ് വിജയകുമാറാണ് 43 ലക്ഷം രൂപയ്ക്ക് ഥാര്‍ സ്വന്തമാക്കിയത്. തിങ്കളാഴ്ച മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുനര്‍ലേലത്തില്‍ ആകെ 15 പേരാണ് പങ്കെടുത്തത്. 15 ലക്ഷമായിരുന്നു വാഹനത്തിന് നിശ്ചയിച്ചിരുന്ന അടിസ്ഥാന വില. 43 ലക്ഷം രൂപയ്ക്ക് പുറമേ ജി.എസ്.ടി.യും വാഹനം സ്വന്തമാക്കിയ ആള്‍ നല്‍കണം.

വിഘ്നേഷ് ഗുരുവായൂരപ്പന്റെ ഭക്തനാണെന്നും ആദ്യത്തെ ലേലം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ഇദ്ദേഹത്തിന് വേണ്ടി ലേലത്തില്‍ പങ്കെടുത്ത അനൂപ് മാധ്യമങ്ങളോട് പറഞ്ഞു. എത്ര തുകയാണെങ്കിലും വാഹനം സ്വന്തമാക്കാന്‍ തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ എല്ലാമാസവും ഗുരുവായൂരില്‍ ദര്‍ശനത്തിന് വരാറുണ്ടെന്ന് വിഘ്നേഷിന്റെ അച്ഛനും പ്രതികരിച്ചു. വാഹനം അങ്ങാടിപ്പുറത്തേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 4നു വഴിപാടായി ലഭിച്ച വാഹനം ഡിസംബര്‍ 18നൂ ലേലം ചെയ്തിരുന്നു. അമല്‍ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായി 15.10 ലക്ഷം രൂപയ്ക്കാണ് അന്നു കാര്‍ ലേലത്തിനെടുത്തത്. അമല്‍ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കര്‍ എന്ന വ്യക്തി മാത്രമാണ് അന്ന് ലേലത്തില്‍ പങ്കെടുത്തത്. എന്നാല്‍, ഒരാള്‍ മാത്രം പങ്കെടുത്ത ലേലത്തിനെതിരെ ഹിന്ദുസേവാ സംഘം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുനര്‍ലേലത്തിന് തീരുമാനമായത്.