നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു; വിട പറഞ്ഞത് പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തെ എന്ന ഗാനം പാടിയ അതുല്യകലാകാരി

ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പതിമൂന്നാം വയസില്‍ പാടിയ പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തെ എന്ന ഗാനം വാസന്തിയെ ശ്രദ്ധേയയാക്കി. ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച തിരമാല എന്ന ചിത്രത്തില്‍ ആദ്യഗാനം പാടാനുള്ള അവസരവും ലഭിച്ചത് വാസന്തിക്കാണ്.

വിപ്ലവഗായകനും റേഡിയോ കലാകാരനുമായ മച്ചാട്ട് കൃഷ്ണന്റെ മകളാണ് മച്ചാട്ട് വാസന്തി. ആദ്യകാലത്ത് നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആകാശ വാണിയിലും നിരവധി പാട്ടുകള്‍ പാടി. ഓളവും തീരവും സിനിമയില്‍ ബാബുരാജിന്റെ സംഗീതത്തില്‍ കെ.ജെ.യേശുദാസിനൊപ്പം പാടിയ ‘മണിമാരന്‍ തന്നത് പണമല്ല പൊന്നല്ലാ..മധുരക്കിനാവിന്റെ കരിമ്പുതോട്ടം..’ എന്ന പാട്ടിലൂടെയാണ് മച്ചാട്ട് വാസന്തിയെ ജനപ്രിയയായത്.

Read more

പാര്‍ടി സമ്മേളനങ്ങളിലും സംഗീത പരിപാടികളിലും സാന്നിധ്യമായി. തുടര്‍ന്ന് പ്രഗത്ഭര്‍ക്കൊപ്പം അരങ്ങില്‍. കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യില്‍ അഭിനേത്രിയായത് യാദൃച്ഛികം. ബാലതാരം വിജയകുമാരിക്ക് അസുഖമായപ്പോള്‍ പകരക്കാരിയാക്കിയത് തോപ്പില്‍ ഭാസി. സിനിമയിലും നാടകങ്ങളിലും ആകാശവാണിയിലുമായി ആയിരക്കണക്കിന് പാട്ടുകള്‍ പാടി. ഇന്ന് രാവിലെ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം.