ഇത് ഗൂഢാലോചന, നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ബാല സ്റ്റേഷനില്‍ ഹാജരായേനെ; പ്രതികരിച്ച് നടന്റെ അഭിഭാഷക

ബാലയ്‌ക്കെതിരെ മുന്‍ ഭാര്യ നല്‍കി പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് നടന്റെ അഭിഭാഷക ഫാത്തിമ സിദ്ദിഖ്. നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ബാല സ്റ്റേഷനില്‍ ഹാജരാകുമായിരുന്നു. എന്നിട്ടും പൊലീസ് പുലര്‍ച്ചെ ബാലയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നാണ് അഭിഭാഷക മാധ്യമങ്ങളോട് പ്രതികരിച്ചത്.

കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കും എന്നും അഭിഭാഷക വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയാണ് ബാല അറസ്റ്റിലായത്. എറണാകുളം കടവന്ത്ര പൊലീസാണ് പുലര്‍ച്ചെ പാലാരിവട്ടത്തെ ഫ്‌ളാറ്റില്‍ നിന്ന് നടനെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോട് ക്രൂരത കാട്ടല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.

സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുന്‍ പങ്കാളിയുമായുള്ള കരാര്‍ ലംഘിച്ചതിന് ഐപിസി 406, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. ഉടന്‍ തന്നെ ബാലയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ഏതാനും നാളുകള്‍ക്ക് മുമ്പ് ബാലയും മുന്‍ ഭാര്യയും തമ്മിലുള്ള തര്‍ക്കം വലിയ വാര്‍ത്തയായിരുന്നു.

എന്നും അഭിമുഖങ്ങളില്‍ ഗായികയെ അപമാനിച്ച് സംസാരിക്കാറുള്ള ബാലയ്‌ക്കെതിരെ മകള്‍ രംഗത്തെത്തുകയായിരുന്നു. അമ്മയെയും തന്നെയും ഉപദ്രവിച്ചിരുന്നു അച്ഛനെ സ്‌നേഹിക്കാന്‍ കാരണമൊന്നുമില്ല എന്ന് മകള്‍ വ്യക്തമാക്കി. മകള്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നതോടെ ഗായിക കാര്യങ്ങള്‍ വിശദീകരിച്ച് രംഗത്തെത്തുകയായിരുന്നു.

ബാലയുടെ ഉപദ്രവത്തെ തുടര്‍ന്ന് പലപ്പോഴും ചോര തുപ്പി ആ വീട്ടില്‍ കിടന്നിട്ടുണ്ട്. ബാല തനിക്ക് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു എന്നായിരുന്നു ഗായിക തുറന്നു പറഞ്ഞത്. ഗായികയുടെ വാക്കുകള്‍ ശരിവച്ച് ബാലയുടെ മുന്‍ ഡ്രൈവറും ഗായികയുടെ അസിസ്റ്റന്റും രംഗത്തെത്തിയിരുന്നു.

Read more