സുധാകരന്റെത് നുണ പ്രചരണം, ഈട പ്രദര്‍ശനം സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്ന ആരോപണത്തെ തള്ളി തിയേറ്റര്‍ ഉടമ

ഈട പ്രദര്‍ശനം സിപിഐഎം പ്രവര്‍ത്തകര്‍ നിര്‍ത്തിവെപ്പിച്ചുവെന്ന ആരോപണത്തെ തള്ളി തിയേറ്റര്‍ ഉടമ രംഗത്ത്. പയ്യന്നൂരില്‍ സിനിമയുടെ പ്രദര്‍ശനം തടഞ്ഞതായിട്ടാണ് വാര്‍ത്തകള്‍ വന്നത്. ഇതിനെ തള്ളിയാണ് തിയേറ്റര്‍ ഉടമ രംഗത്തു വന്നത്. കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ് സിനിമയുടെ പ്രദര്‍ശനം തടഞ്ഞതായി ആരോപിച്ചത്. പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഷയത്തില്‍ ഫെയ്‌സ്ബൂക്കിലൂടെ പ്രതികരിച്ചു. ഏഷ്യാനെറ്റ് ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കണ്ണൂര്‍ സുമംഗലി തിയേറ്ററില്‍ ഈടയുടെ പ്രദര്‍ശനം സിപിഐഎം ഇടപെട്ട് നിര്‍ത്തിവെപ്പിച്ചുവെന്ന ആരോപണമാണ് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ഉന്നയിച്ചത്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം പ്രമേയമാക്കിയ സിനിമ സിപിഐഎമ്മിനെ അസ്വസ്ഥപ്പെടുത്തുകയാണെന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി ചെറുപ്പക്കാരെ തെരുവിലിറക്കിയ പാര്‍ട്ടി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും സുധാകരന്‍ ഫെയ്സ്ബുക്ക് ലൈവ് വീഡിയോയിലൂടെ ആരോപിച്ചു.

ടിക്കറ്റ് എടുത്ത് ഷോ കാണാന്‍ എത്തിയ ആളുകളെ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ട് മടക്കി അയച്ചുവെന്നാണ് കെ. സുധാകരന്‍ ഉയര്‍ത്തുന്ന ആരോപണം.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം പ്രമേയമാക്കിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗം, നിമിഷ സജയന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രസംയോജകനായ ബി. അജിത്കുമാര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് രാജീവ് രവി നേതൃത്വം നല്‍കുന്ന കളക്ടീവ് ഫെയ്സ് വണ്ണാണ്.