വെള്ളത്തിലെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താന്‍ തെര്‍മല്‍ സ്‌കാനര്‍; അര്‍ജുനായി രാത്രിയിലും തിരച്ചില്‍ തുടരും

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി രാത്രിയും തിരച്ചില്‍ തുടരും. ഡ്രോണ്‍ ഉപയോഗിച്ചാണ് രാത്രിയുള്ള തിരച്ചില്‍. ഇതിനുപുറമേ മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തുമെന്ന് ഉത്തര കന്നഡ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു.

അതേസമയം മൂന്നിടങ്ങളില്‍ നിന്നായി സിഗ്നല്‍ ലഭിച്ചതായാണ് രക്ഷാദൗത്യത്തിന്റെ തലവന്‍ റിട്ട മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അറിയിച്ചത്. ലഭിച്ച സിഗ്നലില്‍ ഒന്നില്‍ നിന്നും ഒന്നില്‍ കൂടുതല്‍ സിഗ്നല്‍ ലഭിച്ചതായും മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ പറഞ്ഞു. ഇന്ന് രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി നടത്തുന്ന തിരച്ചിലില്‍ ലഭിക്കുന്ന സിഗ്നല്‍ അനുസരിച്ചാവും ദൗത്യത്തിന്റെ അടുത്തഘട്ടം.

ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമാണ്. അതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് മൂന്ന് നോട്‌സ് വരെ മാത്രമേ ഡൈവ് ചെയ്യാന്‍ സാധിക്കൂ. നേവിയുടെ സോണാര്‍ പരിശോധനയിലും സൈന്യത്തിന്റെ റഡാര്‍ പരിശോധനയിലും ഗംഗാവലി പുഴയുടെ തീരത്ത് 20 മീറ്റര്‍ ആഴത്തില്‍ ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ ട്രക്കിന്റെ ക്യാബിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലമായിരുന്നു. അര്‍ജുന്റെ ട്രക്കിലുണ്ടായിരുന്ന തടികള്‍ 12 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി. പുഴയുടെ സമീപത്ത് താമസിക്കുന്നവര്‍ വിറകിനായി ശേഖരിച്ച ഒഴുകിയെത്തിയ തടിക്കഷ്ണങ്ങള്‍ക്കിടയിലാണ് അര്‍ജുന്റെ വാഹനത്തിലുണ്ടായിരുന്ന തടിക്കഷ്ണങ്ങളും കണ്ടെത്തിയത്.

അര്‍ജുന്റെ ലോറിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ എത്തിയെങ്കിലും ഡങ്കി ബോട്ടുകള്‍ക്ക് നിലയുറപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണമാകുന്നുണ്ട്.