'അന്ന് മന്ത്രി ഉള്‍പ്പെടെ തങ്ങളെ പരിഹസിച്ചു'; ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സതീശന്‍

ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തോട്ടിലെ മാലിന്യം നീക്കാന്‍ ഒരു മനുഷ്യന്റെ തിരോധാനം വേണ്ടി വന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. അപകടം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മഴക്കാലത്തിന് മുന്നോടിയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതില്‍ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിപക്ഷത്തെ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ഉള്‍പ്പെടെ പരിഹസിക്കുകയായിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ കോര്‍പ്പറേഷനും റെയില്‍വേയും പരസ്പരം പഴിചാരുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാരും കോര്‍പ്പറേഷനും തദ്ദേശ സ്വയം ഭരണ വകുപ്പും ഇപ്പോള്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ അവസാനത്തെ ഉദാഹരണമാണ് ആമയിഴഞ്ചാന്‍ അപകടമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനത്തില്‍ റെയില്‍വേ സഹകരിക്കുന്നില്ലെന്നാണ് കോര്‍പ്പറേഷന്റെ പരാതി.

കോര്‍പ്പറേഷനും റെയില്‍വേയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇടപെടാത്തതെന്ന് ചോദിച്ച വിഡി സതീശന്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ ഇപ്പോള്‍ നടത്തുന്ന മാലിന്യ നിര്‍മ്മാര്‍ജനം നേരത്തെ നടത്തേണ്ടതായിരുന്നുവെന്നും പറഞ്ഞു.