അഞ്ച് തവണ അണിഞ്ഞൊരുങ്ങി കള്ളന്‍; മോഷണം നടത്താനാകാതെ മടക്കം, സിസിടി ദൃശ്യം വൈറല്‍

മോഷണത്തിനായി പൂട്ടുപൊളിച്ച് അകത്തെത്തിയ കള്ളന്‍ വേഷം മാറിയത് അഞ്ച് തവണ. മലപ്പുറം നിലമ്പൂരിനടുത്ത വടപുറം പാലാപ്പറമ്പിലാണ് കള്ളന്റെ വേറിട്ട പ്രകടനങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത്. പാലാപറമ്പിലെ ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് കള്ളന്‍ കയറിയത്.

അഞ്ച് തവണ വേഷം മാറുകയും മദ്യപിച്ച ശേഷം പോവുകയായുമായിരുന്നു. വെഞ്ചാലില്‍ ജയിംസിന്റെ മകള്‍ ജെയ്‌സിയുടെ വീട്ടിലാണ് സംഭവം. ജെയ്‌സിയും കുടുംബവും വിദേശത്താണ്. 31ന് രാത്രി 8.30ന് ആണ് മാസ്‌കും മങ്കി ക്യാപ്പും ധരിച്ച കള്ളന്‍ വന്നത്. മുണ്ടും വരയന്‍ ടീ ഷര്‍ട്ടുമാണ് വേഷം.

വീടിന്റെ കിഴക്കുഭാഗത്തെ മതിലില്‍ ചാടിക്കടന്ന് മുറ്റത്തെത്തി. വീട്ടില്‍ ആളില്ലെന്ന് ഉറപ്പാക്കി. അടുക്കള ഭാഗത്ത് നിന്ന് തൂമ്പ എടുത്തുകൊണ്ടു വന്ന് മുന്‍വാതിലിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചു. ഓടാമ്പല്‍ തകര്‍ന്ന് താഴെ വീണങ്കിലും വേറെ പൂട്ട് ഉള്ളതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല.

കട്ടിളയും വാതില്‍പ്പാളികളും കേടുവന്നു. ഭിത്തി വഴി തൂങ്ങി ഒന്നാം നിലയില്‍ കടക്കാന്‍ 2 വട്ടം ശ്രമിച്ചെങ്കിലും താഴെ വീണു. ഇതോടെ നിരാശനായ കള്ളന്‍ വരാന്തയില്‍ ഇരുന്ന് പുകവലിക്കുയും മദ്യപിക്കുകയും ചെയ്തു. തുടര്‍ന്ന് ടീഷര്‍ട്ടും പാന്റ്‌സും ധരിച്ച് മുറ്റത്ത് കൂടി നടന്നു.

Read more

തൊട്ടുപിന്നാലെ മിഡിയും ടോപ്പും ധരിച്ച് പ്രത്യക്ഷപ്പെട്ടു. മുടി കുടുമ പോലെ കെട്ടിവച്ചിട്ടുണ്ട്. ഒടുവില്‍ വരാന്തയില്‍ ഇരുന്ന് സ്ത്രീവേഷം മാറി. മുണ്ടും ടീഷര്‍ട്ടും ധരിച്ചു. പലവട്ടം പല വേഷവും ധരിച്ച് 5 മണിക്കൂര്‍ വീട്ടില്‍ ചിലവഴിച്ചിട്ടും മോഷണം നടത്താനാകാതെ കള്ളന്‍ മടങ്ങി.