തിരുവല്ലം കസ്റ്റഡി മരണം; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, സി.ഐയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്‌

തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് എതിരെ നടപടി. രണ്ട് എസ്.ഐമാരെയും ഒരു ഗ്രേഡ് എസ്.ഐയെയും സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ തിരുവല്ലം സിഐയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണ് നടപടി. എസ്.ഐ വിപിന്‍ , ഗ്രേഡ് എസ്.ഐ സജീവന്‍, വൈശാഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഫെബ്രുവരി 28നായിരുന്നു സംഭവം. തിരുവല്ലം നെല്ലിയോട് മേലേ ചരുവിള പുത്തന്‍ വീട്ടില്‍ സി പ്രഭാകരന്റെയും സുധയുടെയും മകന്‍ സുരേഷ് (40) ആണ് മരിച്ചത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നായിരുന്നു മരണം എന്നാണ് വീട്ടുകാരും നാട്ടുകാരും ആരോപിച്ചിരുന്നത്.

Read more

മരണ കാരണം ഹൃദയാഘാതം ആണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിന് കാരണമാകുന്ന തരത്തിലുള്ള പരിക്കുകള്‍ ഒന്നും സുരേഷിന്റെ ശരീരത്തിലില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.