'തോമസ് ചാണ്ടിയുടേത് മനപ്പൂര്‍വമുള്ള കയ്യേറ്റമല്ല'; കേസ് രജിസ്റ്റര്‍ ചെയ്യണ്ടെന്ന് ഹൈക്കോടതി

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടേത് മനപ്പൂര്‍വമുള്ള കയ്യേറ്റമല്ലെന്നും ചാണ്ടിക്കെതിരെ ഇപ്പോള്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണ്ടെന്നും ഹൈക്കോടതി. നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ കായല്‍ കയ്യേറിയതായി പറയാന്‍ കഴിയില്ലെന്നും അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യെണ്ടെന്നുമാണ് കോടതി വ്യക്തമാക്കിയത്

ഭൂനിയമങ്ങള്‍ ലംഘിച്ച് തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കൈനകിരി പഞ്ചായത്തംഗം വിനോദ്, സിപിഐ നേതാവ് മുകുന്ദന്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ ആലപ്പുഴ കളക്ടര്‍ ടിവി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടര്‍നടപടി വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ കഴിഞ്ഞ ദിവസം വിജിലന്‍സ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിരുന്നു. കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം ആരംഭിച്ചത്.