രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ കല്പിക്കുന്നവർ ക്രിമിനലുകൾ; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രതികരിച്ച് സുരേഷ്‌ഗോപി

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രതികരിച്ച് തൃശൂർ എംപി സുരേഷ്‌ഗോപി രംഗത്ത്. രാഷ്ട്രിയത്തിൽ തൊട്ടുകൂടായ്മ കല്പിക്കുന്നവർ ക്രിമിനലുകൾ ആണെന്ന് സുരേഷ് ഗോപി പറഞ്ഞു. സന്ദർശനത്തിൽ കുറ്റം പറയാൻ ആർക്കാണ് യോഗ്യതയെന്നും സുരേഷ് ഗോപി ചോദിച്ചു.

എഡിജിപിയുടെ കൂടിക്കാഴ്ചയെ വിമർശിക്കാൻ യോഗ്യനായ ഒരാൾ കേരളത്തിലുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. രാഷ്ട്രീയ അയിത്തം കൽപ്പിക്കുന്നവരും കുറ്റക്കാരാണ്. കേരളത്തിലെ നിലവിലെ ചർച്ചയിൽ പുച്ഛമാണെന്നും സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയ വൈരുദ്ധ്യം ആരാണ് കൽപ്പിക്കുന്നതെന്നും അവരാണ് കുറ്റക്കാരെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേർത്തു.

ഓരോ വ്യക്തിയ്ക്കും സ്വാതന്ത്യമുണ്ട്. എല്ലാവരേയും ജീവിക്കാൻ അനുവദിക്കണം. ജീവിക്കാൻ അനുവദിക്കാത്തവരെ തിരസ്കരിച്ചാൽ മതി. തൻ്റെ കൈശുദ്ധമാണെന്ന് താൻ പറയില്ല പക്ഷെ ഹൃദയം ശുദ്ധമാണ്. ദ്രോഹിക്കാൻ വരുന്നവരെ വിടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നായനാർ എന്ന മുഖ്യമന്ത്രിയും പി.പി മുകുന്ദൻ എന്ന ബിജെപി സംഘടന ജനറൽ സെക്രട്ടറിയുമാണ് പാനൂരിൽ സമാധാനം പുനസ്ഥാപിക്കാൻ ഒത്തു ചേർന്നതെന്നും ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.