ബസിന് മുന്നില്‍ വടിവാള്‍ വീശി ഭീഷണി; ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറത്ത് ദേശീയപാതയില്‍ കൊട്ടപ്പുറം മുതല്‍ എയര്‍പോര്‍ട്ട് ജംഗ്ഷന്‍ വരെ ബസിന് മുന്നില്‍ വടിവാള്‍ വീശിയ സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പുളിക്കല്‍ വലിയ പറമ്പ് സ്വദേശി മലയില്‍ ഷംസുദ്ദീനെതിരെയാണ് പൊലീസ് കേസെടുത്തത്. ബസ് ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തത്.

വെള്ളിയാഴ്ച വൈകുന്നേരം 6ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലാണ് ഓട്ടോ ഡ്രൈവര്‍ വടിവാളും വീശി ഓട്ടോറിക്ഷ ഓടിച്ചത്.

പുളിക്കലില്‍ ബസ് നിറുത്തിയപ്പോള്‍ പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ തുടരെ ഹോണ്‍ മുഴക്കി. യാത്രക്കാരെ ഇറക്കിയ ശേഷം മുന്നോട്ടെടുത്ത ബസിനെ ഓവര്‍ടേക്ക് ചെയ്ത ഓട്ടോറിക്ഷ തുടര്‍ന്ന് ബസിന് മാര്‍ഗതടസം സൃഷ്ടിച്ച് റോഡിന് നടുവിലൂടെ മുന്നോട്ട് പോകുകയായിരുന്നു. തുടര്‍ന്ന് ബസ് ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതോടെയാണ് വടിവാള്‍ വീശി ഭീഷണി ആരംഭിച്ചത്.

ഇതേ തുടര്‍ന്ന് യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയാണ് നിലവില്‍ പ്രചരിക്കുന്നത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും പ്രതിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.