തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ; വിമർശിച്ച് കോൺഗ്രസ്, ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം

പി വി അൻവറിന്റെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടയിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് കോൺഗ്രസ്സ് ആരോപിച്ചു. പൂരം കലക്കിയ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ്സ് നേതാക്കൾ ആവശ്യപ്പെട്ടു.

പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ എഡിജിപി എം ആർ അജിത്ത് കുമാറാണെന്ന് തൃശ്ശൂരിലെ മുൻ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ പറഞ്ഞു. ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയെ ജയിപ്പിക്കാനുളള നാടകത്തിന്റെ ഭാഗമായിരുന്നു ഇതെന്നും മുരളീധരൻ പറഞ്ഞു. കരുവന്നൂർ വിഷയത്തിലടക്കം ഭയന്നായിരുന്നു സിപിഎം നീക്കം. ഈ കേസിൽ പ്രതികൾ സിപിഎമ്മുകാരാണ്. കേന്ദ്ര അന്വേഷണം നടക്കുകയാണ്. വിഷയം ഒത്തുതീർക്കാനായിരുന്നു സുരേഷ് ഗോപിയെ സിപിഎം സഹായിച്ച് വിജയിപ്പിച്ചത്. എഡിജിപി അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് ബിജെപിയെ സഹായിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ അറിവോടെ ബിജെപിയെ സഹായിക്കാനുള്ള ഗൂഢാലോചനയാണ് പൂരം കലക്കലിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഒരു നടപടിയും എടുത്തില്ല. രാവിലെ മുതൽ പിറ്റേന്ന് വെളുപ്പിനെ വരെ ഒരു ഡിജിപി കിടന്ന് അഴിഞ്ഞാടി. രണ്ട്‌ മന്ത്രിമാർ ഉള്ള ജില്ലയിൽ ആരും ഒരക്ഷരം പോലും മിണ്ടിയില്ല. മുഖ്യമന്ത്രി ഉറങ്ങി കിടക്കുകയല്ലായിരുന്നല്ലോ? ആഭ്യന്തര ചുമതലയുള്ള മുഖ്യമന്ത്രിയോ ഡിജിപിയോ എഡിജിപിയോ ലോ ആൻഡ് ഓഡർ ആരും ഒന്നും അനങ്ങിയില്ലലോ എന്നും വി ഡി സതീശൻ ചോദിച്ചു.

Read more