പണത്തിനു പകരം തുഷാര്‍ നല്‍കിയത് ബ്ലാങ്ക് ചെക്ക്; പിന്നെ നാസിലിനെ കാത്തിരുന്നത് വന്‍ കടബാദ്ധ്യതയും ജയില്‍വാസവും

കൊടുങ്ങല്ലൂര്‍ പുതിയകാവ് നമ്പിപുള്ളിലത്ത് അബ്ദുള്ളയുടെ മകനാണ് നാസില്‍. ബിടെക് ബിരുദധാരിയായ നാസില്‍ ആദ്യം ജോലി ചെയ്തിരുന്നത് യുഎഇയില്‍ അല്‍മൊയ് കമ്പനിയിലായിരുന്നു. അതിനു ശേഷമാണ് സ്വന്തമായി കമ്പനി ആരംഭിച്ചത്. കമ്പനി അഞ്ചോ ആറോ മാസങ്ങള്‍കൊണ്ട് തന്നെ നല്ല നിലയില്‍ എത്തിയിരുന്നു. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ബോയിംഗ് കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ സബ് കോണ്‍ട്രാക്റ്റ് എടുത്തതോടു കൂടി തകര്‍ന്നടിയുകയായിരുന്നു.

കൈയില്‍ നിന്നും പണം മുടക്കിയും സാധനങ്ങള്‍ പരിചയമുള്ള കടകളില്‍ നിന്നും കടം വാങ്ങിയുമായിരുന്നു നാസില്‍ വര്‍ക്ക് തീര്‍ത്ത് നല്‍കിയത്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ , പ്ലംബിംഗ് ജോലികളായിരുന്നു തുഷാറിന്റെ കമ്പനിയ്ക്ക് വേണ്ടി നാസിലിന്റെ സ്ഥാപനം തീര്‍ത്ത് കൊടുത്തത്. എന്നാല്‍ പണത്തിനു പകരം ചെക്കായിരുന്നു തുഷാറിന്റെ കമ്പനി നല്‍കിയത് .

പണം നല്‍കാമെന്നു പറഞ്ഞ അവധികള്‍ പലതവണ കഴിഞ്ഞു പോയി. തുഷാര്‍ പണം നല്‍കിയില്ല . എന്നാല്‍ നാസില്‍ സാധനങ്ങള്‍ വാങ്ങിയ സ്ഥാപനങ്ങള്‍ നാസിലിനെതിരെ കേസ് നല്‍കി. പലരില്‍ നിന്നായി കടം വാങ്ങിയും മറ്റും കുറെയൊക്കെ പരിഹരിച്ചെങ്കിലും കോടികളുടെ ബാദ്ധ്യത തീര്‍ക്കാന്‍ നാസിലിനായില്ല . ഇതോടെ നാസില്‍ കടക്കെണിയിലായി ജയിലിലായി.

7 വര്‍ഷം തടവായിരുന്നു നാസിലിനു വിധിച്ചത്. അന്നും തുഷാര്‍ നല്‍കാനുള്ള പണം കിട്ടാത്തതിനാല്‍ നാസില്‍ ജയിലിലാണെന്ന വിവരം ബന്ധുക്കളും സുഹൃത്തുക്കളും വഴി തുഷാറിനെ അറിയിച്ചിരുന്നു. പക്ഷെ ഫലം ഉണ്ടായില്ല. എന്നാല്‍ ഇതിനിടെ നാസിലിനെതിരെ പരാതി നല്‍കിയ സ്‌പോണ്‍സര്‍ മരിച്ചു.

ഇതോടെ അദ്ദേഹത്തിന്റെ മക്കള്‍ നാസിലിന്റെ അപേക്ഷ പരിഗണിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാകുകയും നാസില്‍ ജയില്‍ മോചിതനാകുകയുമായിരുന്നു. പക്ഷെ അപ്പോഴേയ്ക്കും നാസിലിന്റെ അവസ്ഥ പരിതാപകരമായിരുന്നു . നാട്ടിലും വീട്ടിലും വരാന്‍ പറ്റാത്ത സ്ഥിതി.

നാസിലിന്റെ അവസ്ഥ അറിഞ്ഞ് നാട്ടിലുള്ള പിതാവ് അസുഖം ബാധിച്ച് കിടപ്പിലുമായി.  പിന്നീട് കടം വാങ്ങിയും ചെറിയ ജോലികള്‍ ചെയ്തുമായിരുന്നു ഈ ചെറുപ്പക്കാരന്‍ ജീവിതം മുന്നോട്ടു കൊണ്ടുപോയത്.

ഇതിനിടെ നാസിലിന്റെ കഥ കേട്ട മലപ്പുറം തിരുനാവായ സ്വദേശിയായ ഗള്‍ഫ് വ്യവസായിയാണ് തുഷാറിനെതിരെ നിയമ പോരാട്ടത്തിനു നാസിലിനു പിന്തുണ വാഗ്ദാനം ചെയ്തത്. കേസ് നല്‍കാന്‍ സഹായം നല്‍കുകയും ചെയ്തു. യുഎഇയിലുള്ള തുഷാറിന്റെ സ്ഥലം വാങ്ങാന്‍ എന്ന പേരിലായിരുന്നു തുഷാറിനെ ഇവിടെയ്ക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്.

നാസിലിന്റെ കാര്യത്തിന് വിളിച്ചാല്‍ തുഷാര്‍ ഫോണ്‍ പോലും എടുക്കില്ലായിരുന്നു എന്നറിയാവുന്നതിനാലായിരുന്നു ഈ കെണിയൊരുക്കിയത്. എന്നാല്‍ തുഷാര്‍ ജയിലിലായതോടെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഒരേപോലെ ഇടപെട്ടതോടെ തുഷാര്‍ ജാമ്യം നേടി പുറത്തിറങ്ങി .