പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്മാറണം, മാപ്പ് പറയണം; ടിക്കറാം മീണയ്‌ക്ക് എതിരെ പി.ശശി

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി.ശശിയെ വിമര്‍ശിച്ചുള്ള മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണയുടെ ആത്മകഥയ്‌ക്കെതിരെ പി.ശശി വക്കീല്‍ നോട്ടിസ് അയച്ചു. തൃശൂരില്‍ കലക്ടര്‍ ആയിരിക്കെ വ്യാജക്കള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്ന ശശി ഇടപെട്ട് സ്ഥലംമാറ്റി എന്നാണ് മീണ ആത്മകഥയില്‍ വെളിപ്പെടുത്തുന്നത്. വയനാട് കലക്ടര്‍ ആയിരിക്കെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നിലും ശശി ആണെന്ന് പുസ്തകത്തില്‍ മീണ പറയുന്നു.

പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് പിന്മാറി മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ശശി വക്കീല്‍ നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരവും വേണം. നാളെ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ ശശി തരൂര്‍ എം.പിയാണ് മീണയുടെ ആത്മകഥ ‘തോല്‍ക്കില്ല ഞാന്‍’ പ്രകാശനം ചെയ്യുന്നത്.

ഇടത് വലത് സര്‍ക്കാരുകളുടെ കാലത്ത് സത്യസന്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നേരിട്ട സമ്മര്‍ദ്ദങ്ങളും ദുരനുഭവങ്ങളുമാണ് തോല്‍ക്കില്ല ഞാന്‍ എന്ന ആത്മകഥയുടെ ഹൈലൈറ്റ്. തൃശ്ശൂര്‍ കളക്ടറായിരിക്കെ വ്യാജ കള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയടുത്തതിന് പിന്നാലെ സ്ഥലം മാറ്റി. വ്യാജ കള്ള് നിര്‍മാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതിര്‍പ്പ് പറഞ്ഞു. കേസ് അട്ടിമറിക്കാനായി അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്നു ബി സന്ധ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ശ്രമമുണ്ടായെന്നും ആത്മകഥയിലുണ്ട്.

തലസ്ഥാനത്ത് നിന്ന് ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിരുന്ന പി ശശിയാണെന്നാണ് ആരോപണം. സ്ഥലം മാറി വയനാട് എത്തിയപ്പോഴും പ്രതികാര നടപടി തുടര്‍ന്നു. നിര്‍മ്മിതി കേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നത്തില്‍ സസ്പെന്‍ഡ് ചെയ്തു. എല്ലാം പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഉപദേശമെന്ന് തനിക്കായി വാദിച്ചവരോട് ഇകെ നായനാര്‍ തന്നെ പറഞ്ഞെന്നാണ് ആത്മകഥയിലെ തുറന്നുപറച്ചില്‍.

രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതിരുന്നതിന്റെ പേരില്‍ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടു. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത്, സിവില്‍ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തു കൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറി. സര്‍വീസില്‍ മോശം കമന്റെഴുതി. മോശം പരാമര്‍ശം പിന്‍വലിപ്പിക്കാന്‍, പിന്നീട് മുഖ്യമന്ത്രിയായ എകെ ആന്റണിയെ രണ്ട് തവണ കണ്ട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ല. മാധ്യമപ്രവര്‍ത്തകന്‍ എംകെ രാംദാസിനൊപ്പം ചേര്‍ന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്. മെയ് രണ്ടിനാണ് പ്രകാശനം.