കര്‍ണാടകയിലെ ഷിരൂരിന് സമീപം മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. റഡാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് മണ്ണ് നീക്കം ചെയ്തിട്ടും ലോറി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം നാളെ രാവിലെ 6ന് വീണ്ടും തുടരും. രാത്രി തിരച്ചില്‍ നടത്തരുതെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശമുണ്ട്.
ബെലെഗാവില്‍ നിന്നുള്ള 40 അംഗ സൈന്യം ഇന്ന് അപകട സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ അപകടം നടന്ന സ്ഥലത്തെ 98 ശതമാനം മണ്ണ് നീക്കം ചെയ്തിട്ടും ലോറി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബെര ഗൗഡ പറഞ്ഞത്. തുടര്‍ന്നുള്ള പരിശോധന മണ്ണിടിഞ്ഞ് വീണ ഗംഗാവലി പുഴയില്‍ നടത്താന്‍ ആലോചനയുണ്ട്.
ഇത് സംബന്ധിച്ച് രക്ഷാപ്രവര്‍ത്തകരും സൈന്യവും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. രണ്ട് കര്‍ണാടക സ്വദേശികളെയും മണ്ണിടിച്ചിലിന് പിന്നാലെ കാണാതായിട്ടുണ്ട്. ഇനിയും മണ്ണ് നീക്കിയാല്‍ കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
എന്നാല്‍ പുഴയിലെ ജലനിരപ്പും കാലാവസ്ഥയും പരിശോധനയ്ക്ക് അനുയോജ്യമല്ല. അതിനാല്‍ സൈന്യത്തിന്റെ തീരുമാനം അനുസരിച്ചാവും നടപടികള്‍. ജില്ലയില്‍ കനത്ത മഴയുണ്ട്. അതിനാല്‍ രാത്രി രക്ഷാപ്രവര്‍ത്തനം ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. പുഴയിലെ പരിശോധനയ്ക്കായി നാവിക സേനയുടെ നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണെന്നും കൃഷ്ണ ബെര ഗൗഡ അറിയിച്ചു.
പതിനാറാം തീയതിയായിരുന്നു ദേശീയപാത 66ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു.
Read more
കാര്‍വാര്‍ – കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകട സമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു.